ശബരിക്ഷേത്രത്തിലെ സ്വര്‍ണ്ണപാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ വിഷയം അടിയന്തിര പ്രമേയമായി സഭയില്‍ അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കം പാളി. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക കവചം പൊതിഞ്ഞ സ്വര്‍ണ്ണപാളി സംബന്ധിച്ച വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്.

എന്നാല്‍ നിയമസഭാ ചട്ടം 52 (7) അനുസരിച്ച് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം ചര്‍ച്ചചെയ്യാന്‍ സാധിക്കുകയില്ലന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്.

2019-ല്‍ നടന്ന വിഷയത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി ദേവസ്വം വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും ഈ കേസ് ഈ മാസം 30 -ന് വീണ്ടും പരിഗണിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്‍റെ മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതോടെ ഇതിന് എങ്ങനെയെങ്കിലും മങ്ങല്‍ ഏല്‍പ്പിക്കാന്‍ കഴിയുമോയെന്ന പാഴ്ശ്രമമാണ് അടിയന്തിര പ്രമേയത്തിലൂടെ പ്രതിപക്ഷം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം അട്ടമറിക്കാനുള്ള നീക്കം പരാജയപ്പെട്ടതിന്‍റെ ക്ഷീണവും കൊതിക്കെറുവും മൂലമാണ് സഭയ്ക്കുള്ളില്‍ ഈ വിഷയവുമായി എത്തിയത്. ആദ്യം ആര്‍എസ്എസുമായി ചേര്‍ന്ന് അയ്യപ്പ സംഗമം തടയും എന്ന് പറഞ്ഞു. പിന്നീട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി എങ്കിലും അവിടെയെല്ലാം പരാജയപ്പെടുകയായിരുന്നു. സഭയില്‍ ആര്‍എസ്എസിന് ആളില്ലാത്തതിനാല്‍ അവര്‍ക്കുവേണ്ടിയുള്ള നീക്കമാണ്. കോടതിയില്‍ തോറ്റതിന് ചെയറിനോടും സഭയോടും എന്ന രീതിയിലാണ് കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *