ലോകജനസംഖ്യയുടെ പകുതിയോളം പേരിലും ദന്തക്ഷയം, മോണരോ​ഗം, പല്ലുകൊഴിയൽ, വായിലെ അർബുദം തുടങ്ങിയവയാണ് കണ്ടുവരുന്ന രോ​ഗങ്ങളെന്ന് ലോകാരോ​ഗ്യസംഘടന.
ആ​ഗോള ആരോ​ഗ്യ മേഖലയിൽ തന്നെ ഏറെ കാലമായി അവ​ഗണിക്കപ്പെട്ട വിഭാ​ഗമാണ് വദന ആരോ​ഗ്യമെന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറയുന്നു. പല ദന്ത രോ​ഗങ്ങളും നേരത്തെ പ്രതിരോധിക്കാവുന്നതാണ് എന്നും അദ്ദേഹം പറയുന്നു. രാജ്യങ്ങൾ അവരുടെ ആരോ​ഗ്യ പദ്ധതികളിൽ വദന ആരോ​ഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകജനസംഖ്യയുടെ പകുതിയോളം പേരിലും, അതായത് 45 ശതമാനം അഥവാ ഏകദേശം 3.5 ബില്യൺ ആളുകളില്‍ വദന രോ​ഗങ്ങള്‍ ബാധിക്കുന്നു. ഓരോ വർഷവും 380,000 പുതിയ വദന അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഗൗരവത്തോടെ കാണേണ്ട സ്ഥിതിവിശേഷമാണെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളിലെ നൂതന ദന്തചികിത്സയുടെ അപര്യാപതതയാണ് വദന രോ​ഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *