യാതൊരു ഹൈപ്പും ഇല്ലാതെ അപ്രതീക്ഷിതമായി തിയറ്ററുകളിലെത്തി സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു റിഷബ് ഷെട്ടിയുടെ ‘കാന്താര’. ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ പ്രശംസ നേടിയ ഈ സിനിമയുടെ ടീം വീണ്ടും കാന്താരയുടെ രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ്. റിഷബ് ഷെട്ടി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാചിച്ചുകൊണ്ടുള്ള അപ്‌ഡേറ്റ് വീഡിയോ ഹോംബാല ഫിലിംസ് അവരുടെ യൂട്യൂബിലൂടെ പുറത്തു വിട്ടു. കാന്താര എ ലെജന്‍ഡ്‌ ചാപ്റ്റര്‍ 1 2025 ഒക്ടോബര്‍ രണ്ടിന്‌ തീയറ്ററിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസറും വൻ ഹിറ്റായിരുന്നു.

റിഷബ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘കാന്താര’ നിർമ്മിച്ച ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് ഈ വമ്പൻ ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ പുറത്തിറങ്ങിയ റിലീസ് ഡേറ്റ് വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇത് വെറും പ്രകാശമല്ല, ദര്‍ശനമാണ് എന്നാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് വീഡിയോയിലുള്ളത്.‘കാന്താര എ ലെജൻഡ്’ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്. 2022ൽ പുറത്തിറങ്ങിയ ‘കാന്താര’യുടെ കഥയുമായി ബന്ധപ്പെട്ട് തന്നെയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് .കേരളത്തിലും ‘കാന്താര’ വൻ വിജയമായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. ‘കാന്താര എ ലെജൻഡ്’ കന്നഡയ്ക്ക് പുറമെ ഹിന്ദി, തമിഴ്, തെലുഗു, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ റിലീസ് ചെയ്യും.കാന്താരയുടെ നൂറുദിന ആഘോഷത്തിൽ വച്ച് തന്നെയാണ് ‘കാന്താര എ ലെജൻഡ്’ വരുമെന്ന് ടീം പ്രഖ്യാപിച്ചത്. കാന്താരയുടെ ചിത്രീകരണ സമയത്ത് തന്നെ രണ്ടാം ഭാഗത്തിന്റെ ആശയം ഉണ്ടായിരുന്നു എന്നാണ് റിഷബ് ഷെട്ടി അന്ന് പറഞ്ഞത് .ദക്ഷിണ കന്നഡയിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കാന്താര അണിയിച്ചൊരുക്കിയത്. അതിമനോഹരമായ ദൃശ്യങ്ങൾ, ചടുലമായ പശ്ചാത്തല സംഗീതം എന്നിവ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. കാന്താരയുടെ രണ്ടാം ഭാഗം പുറത്തുവരാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *