കൊച്ചി: കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് എംഡിഎംഎ കടത്തുന്നതിനിടെ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. തിരുവാങ്കുളം സ്വദേശി അക്ഷയ് രാജിനെ (26) ആണ് സ്കൂട്ടറിൽ എംഡിഎംഎ കടത്തുന്നതിനിടെ എക്സൈസ് പിടികൂടിയത്. പള്ളുരുത്തിയിൽ 175 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് അക്ഷയ് രാജ്.
കഞ്ചാവ് കേസിൽ അറസ്റ്റിലായി എട്ട് മാസങ്ങൾക്ക് മുൻപ് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും ലഹരിക്കടത്ത് ആരംഭിക്കുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് സംഘം ഇയാളെ പിടികൂടുന്നത്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളയാൻ അക്ഷയ് രാജ് ശ്രമിച്ചെങ്കിലും, സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
2023-ൽ 16 കിലോ കഞ്ചാവുമായി ഇയാളടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ, അക്ഷയ്യുടെ നേതൃത്വത്തിലുള്ള സംഘം 300 കിലോ കഞ്ചാവ് കൊച്ചിയിലെത്തിച്ചെന്ന നിർണായക വിവരവും പോലീസിന് ലഭിച്ചിരുന്നു. പള്ളുരുത്തി മധുരക്കമ്പനി റോഡിൽ നിർത്തിയിട്ട കാറിൽ നിന്ന് ഒഡീഷയിൽ നിന്ന് കടത്തിയ 175 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലും ഇയാൾ പ്രതിയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ലഹരിക്കടത്ത് കേസുകൾ അക്ഷയ് രാജിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
