ന്യൂഡൽഹി: ഗുജറാത്തിൽ മികച്ച വിജയം നേടിയെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ ഗ്രൂപ്പ് പോരിൽ ആശങ്കയിലാണ് ബിജെപി ദേശീയ നേതൃത്വം. ഹിമാചൽ പ്രദേശ്, ത്രിപുര, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ഡൽഹി, കേരളം എന്നീ സംസ്ഥാനങ്ങളിലെ പാർട്ടി ഉൾപ്പോരിലാണ് ബിജെപി നേതൃത്വം വലഞ്ഞത്. ഹിമാചൽപ്രദേശിൽ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് നിന്നതിനെ മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം കൊണ്ട് മറികടക്കാൻ പറ്റിയില്ല. തൽഫലമായി പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. ഹിമാചലിലെ പരാജയത്തിന് ബിജെപിയിലെ ഗ്രൂപ്പ് പോര് കാരണമായെന്ന് ആർഎസ്എസ് മാസിക ഓർഗനൈസർ കുറ്റപ്പെടുത്തി.

മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധൂമലിന്റെയും മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെയും ശക്തികേന്ദ്രമായ ഹാമിർപൂരിൽ ബിജെപി ഏതാണ്ടെല്ലാ സീറ്റുകളിലും പരാജയപ്പെട്ടു. അതേ സമയം മുഖ്യമന്ത്രിയായിരുന്ന ജയ് റാം താക്കൂറിന്റെ ജില്ലയായ മണ്ഡിയിൽ വിജയിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കിർപാൽ പർമർ അടക്കം 20ലധികം വിമതരാണ് സ്വതന്ത്രരരായി മത്സര രംഗത്തുണ്ടായിരുന്നത്. ടിക്കറ്റ് വിതരണത്തിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയെ അടക്കം കുറ്റപ്പെടുത്തിയാണ് വിമതർ മത്സരിക്കാനിറങ്ങിയത്. ഹിമാചലിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഗ്രൂപ്പ് പോര് പരിഹരിക്കാൻ നദ്ദ രാജസ്ഥാനിലായിരുന്നു.

ഡിസംബർ ഒന്നിന് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി സംസ്ഥാന ഘടകം സംഘടിപ്പിച്ച ജൻ ആക്രോശ് യാത്ര ഉദ്ഘാടനം ചെയ്യാനാണ് നദ്ദ ഔദ്യോഗികമായെത്തിയെങ്കിലും ഉദ്ദേശ്യം ഗ്രൂപ്പ് പോര് പരിഹരിക്കലായിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയയും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള തർക്കമാണ് രാജസ്ഥാനിൽ ബിജെപിയെ ബുദ്ധിമുട്ടിക്കുന്നത്. മുഖ്യമന്ത്രി കസേര മോഹിക്കുന്ന ആറോളം മുതിർന്ന ബിജെപി നേതാക്കളാണ് സംസ്ഥാനത്തുള്ളത്.

ഗുജറാത്തിലും സംസ്ഥാന അദ്ധ്യക്ഷനെതിരെ ബിജെപിക്കുള്ളിൽ എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഗംഭീര വിജയം അതില്ലാതാക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. സിആർ പാർട്ടീലിനെ തൽക്കാലം അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കില്ല. 2023ൽ രാജസ്ഥാനും ചത്തീസ്ഗഡിനുമോടൊപ്പം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന മറ്റൊരു സംസ്ഥാനമാണ് മധ്യപ്രദേശ്. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം മറികടക്കാൻ മൊത്തം മന്ത്രിസഭയെയും സംസ്ഥാന പാർട്ടി നേതൃത്വത്തെയും മാറ്റണമെന്ന് നദ്ദക്ക് മൈഹർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ കത്ത് നൽകി കഴിഞ്ഞു. ഗുജറാത്തിൽ നടത്തിയത് പോലെ മന്ത്രിസഭയും പാർട്ടി നേതൃത്വവും മാറണമെന്നാണ് കത്തിലെ ആവശ്യം. ദേശീയ നേതൃത്വത്തിനും അത്തരമൊരു ആലോചനയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നേതാക്കൾക്കിടയിലെ പോര് ബിജെപിയെ വിഷമിപ്പിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലും അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കും.

ത്രിപുരയിൽ തെരഞ്ഞെടുപ്പിന് 10 മാസം മുൻപേ ബിപ്ലവ് ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. ഒരു കൂട്ടം ബിജെപി എംഎൽഎമാരുടെ എതിർപ്പിനെ തുടർന്നായിരുന്നു ഈ മാറ്റം. പക്ഷെ അതിന് ശേഷവും ഉൾപ്പാർട്ടി പോര് തുടരുകയാണ്. സിപിഐഎം-കോൺഗ്രസ് സഖ്യത്തിനെതിരെ ഇടഞ്ഞുനിൽക്കുന്ന നേതാക്കളുമായി തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിൽ ആശങ്കയിലാണ്. ചൊവ്വാഴ്ച, ബിജെപി സിക്കിം അദ്ധ്യക്ഷൻ ഡി ബി ചൗഹാൻ രാജിവെച്ചിരുന്നു. സംഘടന പ്രശ്‌നങ്ങൾ തന്നെയാണ് രാജിയുടെ കാരണം. തെക്കേ ഇന്ത്യയിലെ ശക്തികേന്ദ്രമായ കർണാടകത്തിലും ബിജെപിയെ ഭയപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അടുത്ത ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോൺഗ്രസിന്റെ മുന്നേറ്റം ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയോട് മികച്ച ബന്ധം പുലർത്താൻ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാൽ പാർട്ടി പാർലമെന്ററി ബോർഡിൽ കേവലമൊരു നിരീക്ഷനായി ഇരിക്കാൻ താൻ തയ്യാറല്ലെന്ന സൂചന യെദിയൂരപ്പ നൽകി കഴിഞ്ഞു. ‘രാഷ്ട്രീയമായി തന്നെ അവസാനിപ്പിക്കാൻ ആർക്കും സാധിക്കില്ല. എന്റെ ശക്തിയും സർവസ്വവും നൽകിയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്.’, നദ്ദ സംസ്ഥാനത്ത് പര്യടനം നടത്തുന്നതിനിടെ യെദിയൂരപ്പ പറഞ്ഞതിങ്ങനെയാണ്. അതിനിടെ നദ്ദയുടെ ദേശീയ അദ്ധ്യക്ഷനായുള്ള മൂന്ന് വർഷത്തെ കാലാവധി അവസാനിച്ചു. അടുത്ത വർഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പുകൾ കഴിയുന്നത് വരെ കാലാധി നീട്ടിക്കൊടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *