വന നിയമ ഭേദഗതി കരട് പ്രസിദ്ധീകരിച്ചത്പൊതുജന അഭിപ്രായ സ്വരൂപണത്തിനാണെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ അന്തിമ നിയമം തയ്യാറാക്കുകയുള്ളൂവെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പ് തയ്യാറാക്കിയ എട്ട് ഇ- ഗവേൺസ് ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണങ്ങൾ മൂലം മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ കുറഞ്ഞിട്ടുണ്ട്. പക്ഷേ ചില കേന്ദ്രങ്ങൾ ഇപ്പോഴും വനം വകുപ്പിനെതിരെ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇക്കൊല്ലം ഇതുവരെ ഉണ്ടായ 37 മരണങ്ങളിൽ 16 ഉം പാമ്പുകടിയേറ്റുള്ള മരണങ്ങളാണ്. വനം വകുപ്പിന്റെ നിതാന്തമായ ജാഗ്രതയുടെ ഫലമായാണ് ഇത്തരത്തിൽ മരണസംഖ്യ കുറയ്ക്കാൻ സാധിച്ചത്. എന്നാൽ ഇത്തരം നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വേണ്ടത്ര വിജയം കണ്ടിട്ടില്ല. ഈ അവസരത്തിൽ ഇ- ഗവേണിങ് ആപ്പുകൾ പോലുള്ള നൂതന സാങ്കേതിക വിദ്യയിലൂടെ വകുപ്പിന്റെ നടപടിക്രമങ്ങൾ വേഗത്തിലും കൃത്യ വുമായ സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിലൂടെ വനംവകുപ്പിന് ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രകൃതി പഠന ക്യാമ്പുകള്‍ക്കായുള്ള -നേച്ചര്‍ സ്‌റ്റേ, ഷൂട്ടിങ് അനുമതികള്‍ക്കായുള്ള -എക്കോഫ്രെയിം, വനമേഖലയിലെ ഗവേണത്തിനായുള്ള -റീച്ച്, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ ഫൈലുകള്‍ കൈകാര്യം ചെയ്യുന്ന -ഗ്രീന്‍ കണക് ട് എന്നീ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്ക് പുറമേ മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിക്കായുള്ള -ടിംബര്‍, മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ അറിയിക്കുന്നതിനായുള്ള -വൈല്‍ഡ് വാച്ച്, സംരക്ഷിത പ്രദേശങ്ങളുടെ മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കുന്നതിനായുള്ള -വൈല്‍ഡ്‌നെറ്റ്, കാട്ടുതീയുമായ ബന്ധപ്പെട്ട വിവരശേഖരണത്തിനായുള്ള -ഫയര്‍വാച്ച് എന്നീ സോഫ്റ്റ് വെയറുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗര്‍ഡന്‍ ഇന്‍-ല്‍ നടന്ന ചടങ്ങില്‍ വനംമേധാവി ഗംഗാ സിങ് അധ്യക്ഷത വഹിച്ചു. വനംവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാൽ മുഖ്യാഥിഥിയായി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ആപ്ലിക്കേഷനുകളെ പരിചയപ്പെടുത്തി. യു എസ് എ ഐ ഡി ടീം ലീഡര്‍ സൗമിത്ര ദാസ് മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ രാജേഷ് രാവീന്ദ്രന്‍, ഡോ പി പുകഴേന്തി, ഡോ എല്‍ ചന്ദ്രശേഖര്‍, ജി ഫണീന്ദ്രകുമാര്‍ റാവു, ഡോ ജെ ജസ്റ്റിന്‍ മോഹന്‍, ഡോ സഞ്ജയന്‍ കുമാര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.