പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരേ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ (India: The Modi Question) എന്ന പേരിൽ ​ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി നിർമിച്ച ഡോക്യുമെന്ററി കൃത്യമായ അജണ്ടയുടെ ഭാ​ഗമാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന കലാപത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത് എന്ന് ബിബിസി വെബ്‌സൈറ്റിലെ വിവരണം സൂചിപ്പിക്കുന്നു. ആയിരത്തിലധികം പേർ മരിച്ച 2002 ലെ ​ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് തങ്ങൾ അന്വേഷിക്കുകയാണെന്നും ഡോക്യുമെന്ററിയുടെ അണിയറപ്രവർത്തകർ പറയുന്നു.

”മോദിയെ അപകീർത്തിപ്പെടുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രം നിർമിച്ച ഡോക്യുമെന്ററിയാണിത്. ചില മുൻവിധികളും വസ്തുതക്കു നിരക്കാത്ത കാര്യങ്ങളും കൊളോണിയൽ ചിന്തയുമെല്ലാം വ്യക്തമായി ഡോക്യുമെന്ററിയിൽ കാണാൻ സാധിക്കും. ഇതിൻറെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോൾ അത്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാൻ ആഗ്രഹിക്കുന്നില്ല”, എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്ത്യയുടെ ആരോപണത്തിനു പിന്നാലെ, ഡോക്യുമെന്റെറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിബിസിയും രം​ഗത്തെത്തി. കൃത്യമായി ​ഗവേഷണം ചെയ്തതിനു ശേഷം മാത്രമാണ് ഡോക്യുമെന്ററി നിർമിച്ചതെന്നും ഇന്ത്യയുടെ അഭിപ്രായമറിയാൻ സർക്കാർ പ്രതിനിധികളെ സമീപിച്ചിരുന്നു എന്നും ബിബിസി അധികൃതർ അറിയിച്ചു. എന്നാൽ ഇന്ത്യ പ്രതികരിക്കാൻ വിസമ്മതിച്ചെന്നും ബിബിസി പറഞ്ഞു.

”ലോകമെമ്പാടുമുള്ള ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങൾ ബിബിസി പുറത്തു കൊണ്ടുവരുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷവും മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷങ്ങൾ പരിശോധിക്കുകയും ആ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധം അന്വേഷിക്കുകയും ചെയ്യുന്ന ഡോക്യുമെന്ററിയാണിത്. സമീപ വർഷങ്ങളിൽ ഇന്ത്യയിലും ലോകമെമ്പാടും നടത്തിയ ​ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി നിർമിച്ചത്”, ബിബിസി വക്താവ് പറഞ്ഞു.

”ബിബിസിയുടെ എഡിറ്റോറിയൽ മാനദണ്ഡങ്ങൾക്കനുസരിച്ച്, കൃത്യമായി നടത്തിയ ​ഗവേഷണങ്ങൾ ഇതിനു പിന്നിലുണ്ട്. നിരവധി സാക്ഷികളെയും, വിദഗ്ധരെയും ഞങ്ങൾ സമീപിച്ചു. നിരവധി പേരുടെ അഭിപ്രായങ്ങൾ തേടി. ഇതിൽ ബിജെപിയിലെ ചില അം​ഗങ്ങളുടെ പ്രതികരണങ്ങളും ഉൾപ്പെടുന്നു. ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുന്ന വിഷയങ്ങളിൽ പ്രതികരണം തേടി ഞങ്ങൾ ഇന്ത്യൻ സർക്കാരിനെ സമീപിച്ചു. പക്ഷേ ഇന്ത്യ പ്രതികരിക്കാൻ വിസമ്മതിച്ചു”, ബിബിസി വക്താവ് കൂട്ടിച്ചേർത്തു.

ഡോക്യുമെന്ററിയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിലുണ്ടായ ചർച്ചയിൽ നരേന്ദ്ര മോദിയെ പിന്തുണക്കുന്ന സമീപനമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സ്വീകരിച്ചത്. മോദിയെ ഇത്തരത്തിൽ ചിത്രീകരിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്നും സുനക് പറഞ്ഞു. യുകെയിലുള്ള പല ഇന്ത്യൻ വംശജരും ഡോക്യുമെന്ററിക്കെതിരെ രം​ഗത്തു വരുന്നുണ്ട്.

റിച്ചാർഡ് കുക്‌സൺ നിർമിച്ച ഡോക്യുമെന്ററിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മൈക്ക് റാഡ്‌ഫോർഡ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *