കുന്ദമംഗലം മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ പൂർത്തീകരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് പി.ടി.എ റഹീം എംഎൽഎ നിർദ്ദേശം നൽകി. പട്ടികജാതി കോളനികളുടെ നവീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കാൻ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലറ കോളനിയിൽ നടത്തുന്ന ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള പദ്ധതിക്ക് യോഗം അംഗീകാരം നൽകി. മാവൂർ കോട്ടപ്പറമ്പ് കോളനിയുടെ പ്രവൃത്തി സംബന്ധിച്ച ലിസ്റ്റ് തയ്യാറാക്കുന്നതിൽ നിലവിലുള്ള ദിന്നാഭിപ്രായങ്ങൾ കോളനി തലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനും പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയിൽ ബാക്കിയുള്ള പ്രവൃത്തികൾ നടത്തുന്നതിന് പ്രത്യേകാനുമതിക്കായി സർക്കാരിന് കത്ത് നൽകുന്നതിനും തീരുമാനിച്ചു.
കള്ളാടിച്ചോല കോളനിയിലെ റോഡ് പ്രവൃത്തി സംബന്ധിച്ച് നിലവിലുള്ള ആശയക്കുഴപ്പം തീർക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി പരിശോധിച്ച് തീരുമാനമുണ്ടാക്കുന്നതിനും ഗോശാലിക്കുന്ന് കോളനിയിലെ ഒരു കോടി രൂപയുടെ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനും തീരുമാനിച്ചു. വിവിധ പട്ടികജാതി കോളനികളിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനും ആവശ്യം വേണ്ട കാര്യങ്ങൾക്ക് കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും പട്ടികജാതി വികസന ഓഫീസർക്ക് എംഎൽഎ നിർദേശം നൽകി.
പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി, മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈജ വളപ്പിൽ, ജസീല ബഷീർ പടാളിയിൽ, കെ.ടി മിനി, രേഷ്മ തെക്കേടത്ത്, എൻ രജിത, എസ്.സി ഡെവലപ്മെന്റ് ഓഫീസർ ഐ.പി ശൈലേഷ് എന്നിവർ സംസാരിച്ചു.