ബംഗളൂരു: വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ കാറിന്റെ ബോണിറ്റിൽവെച്ച് കിലോമീറ്ററുകളോളം വണ്ടിയോടിച്ച് യുവതി. പ്രിയങ്ക എന്ന യുവതിയാണ് ദർശൻ എന്ന യുവാവിനെ ബോണറ്റിൽവെച്ച് കാറോടിച്ചത്. യുവതിക്കെതിരെ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജ്ഞാന ഭാരതി നഗറിലാണ് സംഭവം. ഇറങ്ങാൻ കഴിയാതെ യുവാവ് ബോണറ്റിൽ മുറുകെ പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രിയങ്കയുടെ ടാറ്റ നെക്‌സോൺ തന്റെ മാരുതി സുസുക്കി സ്വിഫ്റ്റുമായി കൂട്ടിയിടിച്ചെന്ന് ദർശൻ എന്നയാൾ പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.
യുവതിയുടെ കാർ യുവാവിന്റെ വാഹനത്തിൽ തട്ടിയതിനെ തുടർന്ന് വാക്കേറ്റമുണ്ടാവുകയായിരുന്നു. യുവാവ് കാറിന്റെ ബോണറ്റിൽ കയറിയതോടെ യുവതി കാറുമായി ഒരു കിലോമീറ്ററുകളോളം മുന്നോട്ട് പോയി. പിന്തുടർന്ന് എത്തിയ യുവാവിന്റെ സുഹൃത്തുക്കൾ യുവതിയുടെ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിൽ യുവതിക്കെതിയേയും, ദർശൻ, സുഹൃത്തുക്കളായ യശ്വന്ത്, സുജൻ, വിനയ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയ്ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.