കൊല്‍ക്കത്ത: ആര്‍.ജികര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. അര ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനിരംഭന്‍ ദാസാണ് കേസില്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജികര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതി കേട്ടിരുന്നു. താന്‍ നിരപരാധിയാണെന്നും കേസില്‍ പെടുത്തിയതാണെന്നും പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും സഞ്ജയ് റോയ് കോടതിയില്‍ പറഞ്ഞു. കഴുത്തില്‍ രുദ്രാക്ഷം ധരിക്കുന്നയാളാണ് തനിക്ക് ഇത്തരത്തില്‍ ഒരു കുറ്റകൃത്യം ചെയ്യാന്‍ സാധിക്കില്ലെന്നും പ്രതി സഞ്ജയ് റോയി കോടതിയില്‍ പറഞ്ഞു.

നിര്‍ഭയ കേസിന് സമാനമായി പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

2024 ആഗസ്റ്റ് ഒമ്പതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു.

തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *