തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ വായിച്ച സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം അസത്യങ്ങൾ കുത്തിനിറച്ചതാണെന്നും എല്ലാ മേഖലകളിലും പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ തെറ്റായ അവകാശവാദങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നയപ്രഖ്യാപനത്തിലൂടെ തുറന്നുസമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിൽനിന്ന് 53,000 കോടി രൂപ ലഭിക്കാനുണ്ടെന്ന് മുൻപ് പറഞ്ഞിരുന്ന സർക്കാർ, ഇപ്പോൾ നയപ്രഖ്യാപനത്തിൽ ആ കണക്കുകൾ പറയുന്നില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. കേരളം അതിദാരിദ്ര മുക്തമാണെന്ന പ്രചാരണം കള്ളമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമാണെന്ന വാദം പച്ചക്കള്ളമാണെന്നും ആറ് ലക്ഷത്തോളം കുടുംബങ്ങൾ ഇപ്പോഴും അതീവ ദരിദ്രരുടെ പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെൻഷൻ 2,500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന് സതീശൻ കുറ്റപ്പെടുത്തി. പകർച്ചവ്യാധികൾ പടരുന്ന സംസ്ഥാനമായി കേരളം മാറി. കാരുണ്യ പദ്ധതിയിൽ മാത്രം 1,200 കോടി രൂപയുടെ കുടിശികയുണ്ട്. ഉന്നത വിദ്യാഭ്യാസരംഗം തകർന്നു തരിപ്പണമായെന്നും സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരോ കോളേജുകളിൽ പ്രിൻസിപ്പൽമാരോ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോകുമ്പോഴാണ് വിദ്യാഭ്യാസ മേഖല മെച്ചമാണെന്ന് സർക്കാർ അവകാശപ്പെടുന്നത്.

കേരളത്തെ കൊള്ളക്കാരുടെയും കൊലപാതകികളുടെയും മയക്കുമരുന്ന് മാഫിയയുടെയും താവളമാക്കി മാറ്റി. പോലീസിന്റെ കണക്കിൽ തന്നെ ആയിരക്കണക്കിന് ഗുണ്ടകൾ സൈ്വരവിഹാരം നടത്തുകയാണ്. വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവനും കൃഷിയും നഷ്ടപ്പെടുമ്പോഴും സർക്കാർ നിസ്സംഗത പാലിക്കുകയാണെന്നും മലയോര ജനതയുടെ പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 10 കൊല്ലം ചെയ്യാതിരുന്ന കാര്യങ്ങൾ ഇവർ ഇനി നടത്തുമെന്ന്‌ പറഞ്ഞാൽ ആരും വിശ്വസിക്കാനാണ്. വിശ്വാസ്യത പോലും നഷ്ടപ്പെട്ട ഒരു ഡോക്യുമെന്റ് ആണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.

ഭരണഘടന അനുസരിച്ച് 175, 176 ആർട്ടിക്കിൾ അനുസരിച്ച് ക്യാബിനറ്റ് അംഗീകരിക്കുന്ന പ്രസംഗമാണ് ഗവർണർ വായിക്കേണ്ടത്. ഗവർണർ അത് മനപ്പൂർവ്വമായി അത് വിട്ടുകളയുകയും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. ഗവർണർക്ക് അതിനുള്ള അധികാരമില്ല സ്വന്തം കാര്യങ്ങൾ പറയാനുള്ള റോൾ അല്ല ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. അതിനോട് ഗവൺമെന്റ് പറഞ്ഞതിനോട് ഞങ്ങൾ യോജിക്കുന്നു. പക്ഷെ, ക്യാബിനറ്റ് അപ്രൂവ് ചെയ്ത ഈ പ്രസംഗം തെറ്റായ അവകാശവാദങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപനത്തിൽ ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ പിന്നീട് വായിച്ചതിനേപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം വെറും നാടകമാണെന്നും പ്രതിസന്ധി വരുമ്പോൾ ഇവർ ഏറ്റുമുട്ടുകയും പിന്നീട് ഒത്തുതീർപ്പിലെത്തുകയുമാണെന്ന് സതീശൻ പരിഹസിച്ചു. സർവ്വകലാശാലകളിലെ പദവികൾ വീതം വെച്ചെടുത്ത് ഇവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നടന്ന സ്വർണ്ണക്കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ശബരിമലയിലെ വാജിവാഹനത്തെയും ധ്വജത്തെയും കുറിച്ചുള്ള വിവാദങ്ങൾ സർക്കാർ ഉയർത്തുന്നതെന്ന് സതീശൻ ആരോപിച്ചു. ഈ വിഷയത്തിൽ നടന്ന കാര്യങ്ങൾ കോടതിയുടെ നിരീക്ഷണത്തിൽ നിയമപരമായി നടന്നതാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. സ്വർണ്ണക്കടത്തിൽ മൂന്ന് പ്രധാന സിപിഎം നേതാക്കൾ പ്രതിക്കൂട്ടിലാണെന്നും ഇത് സംബന്ധിച്ച് ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *