ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിൽ കോടതിയിൽ വാദം പൂർത്തിയായി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ കോടതി വിധി പിന്നീട് പ്രസ്താവിക്കും.
ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. നിയമപരമായ ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.
എന്നാൽ, പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നും, കോടതി ജാമ്യം നൽകാൻ തീരുമാനിച്ചാൽ തന്നെ അതീവ കർശനമായ ഉപാധികൾ വെക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിൽ കൂടി പ്രതി നിലവിൽ റിമാൻഡിലാണ്. ഈ കേസിൽ ജാമ്യം ലഭിക്കാത്തടത്തോളം കാലം പ്രതിക്ക് ജയിലിൽ തുടരേണ്ടി വരും.
