കോഴിക്കോട്: സമൂഹ മാധ്യമ അധിക്ഷേപത്തിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവം നടന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയും പൊലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും അരീക്കോട് മുൻ ലീഗ് പഞ്ചായത്ത് അംഗവുമായ ഷിംജിത മുസ്തഫ ഒളിവിലാണ്.

കേസെടുത്ത ശേഷം ഷിംജിത മുസ്തഫയുടെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയതായാണ് വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ബസിലെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കൂടാതെ ബസ് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തും. ഷിംജിതയെ പിടികൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിൻ്റെ മാതാപിതാക്കൾ പ്രതികരിച്ചു.

ദൃശ്യങ്ങൾ പകത്തിയ ഷിംജിതയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുക്കും. സൈബർ സെല്ലിൻ്റെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. ദീപക്കിൻ്റെ അച്ഛൻ, അമ്മ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നും മെഡിക്കൽ കോളേജ് പൊലീസ് മൊഴിയെടുത്തിരുന്നു. നോർത്ത് സോൺ ഡിഐജിയോട് സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാൻ മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *