കോട്ടയം: മധ്യകേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് ആശ്വാസമായി പുതിയ അമൃത് ഭാരത് എക്‌സ്പ്രസുകൾ കോട്ടയം വഴി സർവീസ് നടത്തും. പുതുതായി അനുവദിച്ച രണ്ട് ട്രെയിനുകൾക്കും മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പുതിയ സ്റ്റോപ്പുകൾ അനുവദിച്ചതോടെ ഹൈദരാബാദ്, മംഗലാപുരം മേഖലകളിലേക്ക് യാത്ര ചെയ്യുന്ന മധ്യകേരളത്തിലെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യം ലഭ്യമാകും. ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും മുൻപിൽ എംപി നേരിട്ട് ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ അനുകൂലമായ തീരുമാനമുണ്ടായിരിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
നാഗർകോവിൽ – മംഗലാപുരം അമൃത് ഭാരത് എക്‌സ്പ്രസ് തെക്കൻ കേരളത്തെയും മലബാറിനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ സാധാരണക്കാർക്ക് വലിയ ഉപകാരപ്പെടും. തിരുവനന്തപുരം നോർത്ത് – ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്‌സ്പ്രസ് ഐടി നഗരമായ ഹൈദരാബാദിലേക്ക് കേരളത്തിൽ നിന്നുള്ള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സഹായിക്കും.
