ഇഷ്ട വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആസാമിലെ ബാര്‍പേട്ട ജില്ലയിലെ ചെറുകിട വ്യാപാരിയായ യുവാവ് സ്വപ്ന വാഹനം വാങ്ങുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

വാഹനം വാങ്ങണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനായി സാധാരണ പണം ശേഖരിക്കും. ഈ അസാം സ്വദേശിയും ഏഴോ എട്ടോ മാസം കൊണ്ട് സ്കൂട്ടര്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചു
എന്നാല്‍ അതെല്ലാം നാണയങ്ങളായിരുന്നുവെന്ന് മാത്രം.

സ്കൂട്ടര്‍ വാങ്ങാന്‍ പണമായപ്പോള്‍ അതുമായി ഹൗലിയിലെ ഷോറൂമിലെത്തി. പക്ഷേ കണ്ണുതള്ളിയത് ഷോറൂമിലെ ജീവനക്കാർക്കായിരുന്നു. വലിയൊരു ചാക്കുമായാണ് യുവാവ് ഷോറൂമിലെത്തിയത്. ചാക്ക് ഷോറൂമിലേക്ക് എത്തിക്കാൻ ജീവനക്കാർ സഹായിച്ചു. മൂന്ന് പേർ ചേർന്നാണ് നാണയം കൊണ്ടുവന്ന ചാക്ക് ഷോറൂമിലേക്കെത്തിച്ചത്. 2,5,10 രൂപയുടെ നാണയമായിരുന്നു ചാക്കിൽ മുഴുവൻ ഉണ്ടായിരുന്നത്.

ഹിരാക് ജെ ദാസ് എന്ന യൂട്യൂബറാണ് ഇത് സംബന്ധിച്ച വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്. ഒരു സ്വപ്‌നം സാക്ഷാത്കരിക്കാൻ ധാരാളം പണം ആവശ്യമായി വരും. എന്നാൽ അധ്വാനിക്കാനുള്ള മനസും ക്ഷമയുമുണ്ടെങ്കിൽ ഏതൊരു ആഗ്രഹവും നിങ്ങൾക്ക് നേടിയെടുക്കാമെന്ന് ഈ യുവാവ് തെളിക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് യൂട്യൂബർ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. വീഡിയോയും ചിത്രങ്ങളും നിമിഷ നേരങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി.

അതേ സമയം ഷോറൂമുകാര്‍ക്ക് വലിയ പണിയാണ് ഉണ്ടായിരുന്നത്. ചാക്കിലെത്തിയ നാണയം അഞ്ചാറ് കുട്ടയിലേക്ക് മാറ്റി. ഏറെ പണിപ്പെട്ട് മണിക്കൂറുകളെടുത്താണ് ജീവനക്കാർ എണ്ണിതിട്ടപ്പെടുത്തിയത്. ഒടുക്കം വാഹനത്തിന് വേണ്ട പണം ഉറപ്പാക്കി. തുടര്‍ന്ന് വാഹനം വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും യുവാവിന് ഷോറൂം ജീവനക്കാർ സ്‌കൂട്ടറിന്റെ താക്കോൽ കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *