തെലങ്കാനയിൽ ഭാര്യ മട്ടൻ കറി പാചകം ചെയ്ത് തരാത്തതിന് പോലീസിനെ വിളിച്ച് പരാതിപ്പെട്ട യുവാവ് കസ്റ്റഡിയിൽ. ഭാര്യയ്ക്കെതിരെ 100 ൽ വിളിച്ചായിരുന്നു നവീൻ എന്ന യുവാവിന്റെ പരാതി. ആദ്യം പൊലീസ് കോൾ കാര്യമായെടുത്തില്ല. എന്നാൽ നവീൻ തുടർച്ചയായി ആറ് പ്രാവശ്യം ഇക്കാര്യം പറഞ്ഞ് വിളിച്ചതോടെ പൊലീസിന്റെ ക്ഷമ നശിച്ചു.
പൊലീസ് പറയുന്നത് പ്രകാരം വെള്ളിയാഴ്ച രാത്രി വീട്ടിൽ മദ്യപിച്ചെത്തിയ നവീൻ കടയിൽ നിന്നു വാങ്ങിയ മട്ടനിറച്ചി കറി വെക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടു എന്നാൽ ഭാര്യ കറി വെക്കാൻ കൂട്ടാക്കിയില്ല. ഇതോടെ പ്രകോപിതനായ നവീൻ പൊലീസിനെ വിളിക്കുകയായിരുന്നു. നിരന്തരം കോൾ വന്നതോടെ പൊലീസ് അപ്പോൾ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തി.
എന്നാൽ വീട്ടിൽ മദ്യപിച്ച് അവശനായ നിലയിലായിരുന്നു നവീൻ. ഇതോടെ പൊലീസ് മടങ്ങി. പിറ്റേന്ന് രാവിലെയെത്തി നവീനെ കസ്റ്റഡിയിലെടുത്തു. അടിയന്തര സാഹചര്യങ്ങളിൽ പൊലീസിനെ വിളിക്കേണ്ട 100 നമ്പറിൽ അനാവശ്യമായി വിളിച്ച് ദുരുപയോഗം ചെയ്യരുതെന്നും അനാവശ്യ കാര്യത്തിന് പൊലീസിനെ വിളിച്ചതിനാണ് നവീനെതിരെ നടപടിയെന്നും കനഗൽ എസ്ഐ നാഗേഷ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ചെർല ഗൗരരാരം ഗ്രാമത്തിലെ നവീന്റെ വീട്ടിലെത്തിയാണ് കനഗൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് പൊതു ശല്യമുണ്ടാക്കിയതുൾപ്പെടെയുള്ള വകുപ്പുകൾ നവീന് മേൽ ചുമത്തി.
