പത്തനംതിട്ട: ആറന്മുള മണ്ഡലം തിരിച്ചുപിടിക്കാനുറച്ച് യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി പ്രചാരണരംഗത്ത് സജീവമാകുന്നു. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ തുടരുന്ന വികസന മുരടിപ്പിനുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് അബിൻ വർക്കി പറഞ്ഞു. ‘ഇനി എല്ലാം വർക്കാവും’ എന്ന പുതിയ മുദ്രാവാക്യമുയർത്തിയാണ് അദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്.
മണ്ഡലത്തിലെ വികസന മുരടിപ്പിന് തെളിവാണ് പാതിവഴിയിൽ നിലച്ചുപോയ അബാൻ മേൽപ്പാലമെന്ന് അബിൻ വർക്കി ആരോപിച്ചു. ഇതുപോലെ നിരവധി പദ്ധതികൾ മണ്ഡലത്തിൽ മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആറന്മുളയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിത്. ശബരിമല സ്വർണ്ണക്കൊള്ളയുൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങൾ ഇത്തവണ ബാലറ്റിലൂടെ മറുപടി നൽകും, അദ്ദേഹം കൂട്ടിചേർത്തു.
മന്ത്രി വീണ ജോർജ് എൽഡിഎഫിനായും, മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ എൻഡിഎയ്ക്കായും രംഗത്തിറങ്ങുന്നതോടെ ആറന്മുളയിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഇടത് മുന്നണി പ്രചാരണത്തിൽ നേരത്തെ ഇറങ്ങിയെങ്കിലും വൈകിയിട്ടില്ലെന്നും ജനങ്ങൾ തന്നോടൊപ്പമുണ്ടെന്നുമാണ് അബിൻ വർക്കിയുടെ പ്രതികരണം.
