ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ ഹൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. അറബിക്കടലില്‍ മുങ്ങിപ്പോയ ബാര്‍ജിലെ 38 ഒഎന്‍ജിസി തൊഴിലാളികളെ കണ്ടെത്താനായില്ല. ഇവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. പി-305 ബാര്‍ജിലെ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിപ്പോയ ഭീമന് ചങ്ങാടത്തില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്.
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും എല്ലാ മൃതദേഹങ്ങളും ബാര്‍ജിലുള്ളവരുടേതു തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നാവികസേനാ അധികൃതര്‍ അറിയിച്ചു. മുംബൈയ്ക്കടുത്ത് നങ്കൂരമിട്ടുകിടന്ന മൂന്ന് ബാര്‍ജുകളും ഒരു റിഗ്ഗുമാണ് അപകടത്തില്‍പ്പെട്ടത്.
മരണങ്ങള് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിട്ടും ബാര്‍ജ് പി-305 ഇവിടെ തുടര്‍ന്നത് സംബന്ധിച്ച് അന്വേഷണം മുംബൈ പോലീസ് പ്രഖ്യാപിച്ചു.
