ഗ്യാൻവാപി മസ്ജിദ് കേസിൽ മൂന്ന് നിദേശങ്ങളുമായി സുപ്രീം കോടതി. വിഷയത്തിൽ വാരണാസി സിവിൽ കോടതി തീരുമാനം എടുക്കട്ടെ, തീരുമാനം എടുക്കുംവരെ സുപ്രിംകോടതി ഇടക്കാല ഉത്തരവിടാം, വേണമെങ്കിൽ കേസ് വാരണാസി ജില്ലാ കോടതിയ്ക്ക് വിടാം എന്നിവകളാണ് നിർദ്ദേശങ്ങൾ.
സർവേയും വാരണാസി സിവിൽ കോടതി നടപടികളെയും തടയണമെന്നാവശ്യപ്പെട്ട് പള്ളി കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്ട്രേറ്റ് , പോലീസ് കമീഷണർ ,കാശി വിശ്വനാഥ ക്ഷേത്രം ബോർഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ എന്നിവർ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചിരുന്നു. കൂടാതെ വാരാണസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.
മസ്ജിദിൽ വിഡിയോ ചിത്രീകരണം അടക്കം സർവേ നടപടികൾക്ക് നേതൃത്വം നൽകിയ അഡ്വക്കേറ്റ് കമ്മീഷണർ അജയ് കുമാർ മിശ്രയെ വാരണാസി സിവിൽ കോടതി സർവേ സംഘത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിഡിയോ ദൃശ്യങ്ങൾ ചോർന്നതിലായിരുന്നു നടപടി. അജയ് കുമാർ മിശ്രയുടെ സഹകരണം കൂടി ഉറപ്പാക്കി സർവേ റിപ്പോർട്ട് പൂർത്തിയാക്കണമെന്ന് ഹർജിക്കാർ സിവിൽ കോടതിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇല്ലെങ്കിൽ റിപ്പോർട്ടിൽ പല നിർണായക വിവരങ്ങളും ഉൾപ്പെടില്ലെന്ന ആശങ്കയാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.