34 വര്‍ഷം മുമ്പ് റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം സുപ്രീം കോടതി സിദ്ധുവിനെ ഈ കേസില്‍ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. സിദ്ധുവിനോട് കീഴടങ്ങാന്‍ നേരത്തെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ കീഴടങ്ങുന്നതിന് കുറച്ചു കൂടി സമയം ആവശ്യപ്പെട്ടിരുന്നു.
പട്യാല സെഷന്‍സ് കോടതിയിലാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും. സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതോടെ പാര്‍ട്ടിയില്‍ സിദ്ദുവിന് വലിയ പിന്തുണയില്ല.
1988 ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. പഞ്ചാബിലെ പട്യാലയില്‍ നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത സിദ്ദുവിനെ പിന്നാലെ മറ്റൊരു വാഹനത്തിലെത്തിയ ഗുര്‍ണാം സിംഗ് (65) ചോദ്യം ചെയ്തു. സിദ്ദുവും സുഹൃത്ത് രൂപിന്ദര്‍ സിംഗ് സന്ധുവും ചേര്‍ന്ന് ഗുര്‍നാം സിംഗിനെ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും അയാള്‍ പിന്നീട് ആശുപത്രിയില്‍ മരിക്കുകയും ചെയ്‌തെന്നാണ് കേസ്.