മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുകൾ ഒടുവിൽ വിഫലമാക്കി കല്യാണി യാത്രയായി.
മൂന്നുവയസുകാരിയുടെ മൃതദേഹം ചാലക്കുടിപ്പുഴയിൽനിന്ന്‌ കണ്ടെത്തി. പുത്തൻകുരിശ്‌ മറ്റക്കുഴി കീഴ്‌പ്പിള്ളി സുഭാഷിന്റെ മകൾ കല്യാണിയാണ്‌ മരിച്ചത്‌. ആലുവയിൽനിന്നുള്ള സ്‌കൂബാ ഡൈവിങ്‌ സംഘം ചൊവ്വ പുലർച്ചെ രണ്ടേകാലോടെയാണ്‌ മൂഴിക്കുളം പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത്‌ പുഴയിൽനിന്ന്‌ മൃതദേഹം കണ്ടെടുത്തത്‌. കുട്ടിയെ പുഴയിലെറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെങ്ങമനാട്‌ പൊലീസിന്റെ കസ്‌റ്റഡിയിലുള്ള ഇവർക്ക്‌ മാനസികബുദ്ധിമുട്ടുകൾ ഉള്ളതായി സൂചനയുണ്ട്‌.അമ്മയ്‌ക്കൊപ്പം യാത്രചെയ്യവേ കല്യാണിയെ കാണാതായെന്ന വാർത്ത തിങ്കൾ വൈകിട്ട്‌ ഏഴരയോടെ പുറത്തുവന്നതുമുതൽ നാടുമുഴുവൻ തിരച്ചിലിലായിരുന്നു. സുഭാഷിന്റെ പരാതിയിൽ പുത്തൻകുരിശ്‌ പൊലീസ്‌ കേസെടുത്തതിനു പിന്നാലെ ജില്ലയിലും പുറത്തുമായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു.മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയിൽനിന്ന്‌ തിങ്കൾ പകൽ 3.30ന്‌ കല്യാണിയെയും കൂട്ടി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക്‌ പോവുകയായിരുന്നു അമ്മ. ആലുവ വരെ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്ന്‌ അമ്മ ആദ്യം പൊലീസിന്‌ മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *