മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ സിബിഐയ്ക്ക് പിന്നാലെ ഇഡിയും അന്വേഷണം ആരംഭിച്ചു. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. സിബിഐ കേസിന്റെ വിവരങ്ങള്‍ ഇഡി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പരിശോധന നടത്തിയ സിബിഐ സിസോദിയയുടെ വീട്ടില്‍ നിന്നും ചില രേഖകളും പിടിച്ചെടുത്തിരുന്നു. സിസോദിയയെ സിബിഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.

അതേസമയം ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉടന്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയേക്കും. പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ സിസോദിയയുമായി അടുത്ത ബന്ധമുള്ളവര്‍ മദ്യ വ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങിയെന്നാണ് സിബിഐ കേസ്. കേസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡ് 14 മണിക്കൂറോളം നീണ്ടുനിന്നു.

ഒടുവില്‍ മനീഷ് സിസോദിയയുടെ കമ്പ്യൂട്ടറും ഫോണും പിടിച്ചെടുത്താണ് സിബിഐ സംഘം മടങ്ങിയത്. കേസില്‍ മലയാളികളായ വിജയ് നായര്‍, അരുണ്‍ രാമചന്ദ്രപിള്ള എന്നിവരും പ്രതികളാണ്. ഇവരിലൂടെ സിസോദിയയുടെ സഹായികള്‍ കോടിക്കണക്കിന് രൂപ നേടിയെന്നാണ് കേസ്.

മനീഷ് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ ഭയമില്ലെന്നുമാണ് മനീഷ് സിസോദിയയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *