ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിന് എതിരാളിയായി ശശി തരൂർ മത്സരിക്കാനൊരുങ്ങുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈ മാസം 26 ന് പത്രിക നൽകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ ശശി തരൂരിനും മത്സരിക്കാമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിതോടെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരത്തിലേക്ക് നീങ്ങുന്നത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സമവായമല്ല മത്സരം തന്നെ നടക്കുമെന്ന് വ്യക്തമാകുന്നു. അവസാന ചിത്രം തെളിയുമ്പോൾ അശോക് ഗലോട്ടും തരൂരും മത്സരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് ആരുമില്ലെങ്കിൽ മത്സരിക്കുന്നതിന് ശശി തരൂർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. സോണിയ ഗാന്ധിയുമായി തരൂർ ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ മത്സരത്തിന് അനുമതി നൽകിയെന്നാണ് വിവരം. ആർക്കും മത്സരിക്കാമെന്നും രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് എത്തില്ലെന്നും കൂടിക്കാഴ്ചയിൽ സോണിയ വ്യക്തമാക്കിയതായാണ് അറിയുന്നത്. ഗ്രൂപ്പ് 23ൻറെ ലേബലില്ല മറിച്ച് പൊതുസമ്മതനെന്ന നിലക്ക് മത്സരിക്കാനാണ് ശശി തരൂരിന് താൽപര്യം. പല നേതാക്കളോടും തരൂർ പിന്തുണ തേടിയതായും സൂചനയുണ്ട്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനോട് അധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ നേരത്തെ തന്നെ ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. എന്നാൽ അശോക് ഗലോട്ട് സമ്മതമറിയിച്ചിരുന്നില്ല. ഇപ്പോൾ ശശി തരൂർ മുൻപോട്ട് വന്ന സാഹചര്യത്തിൽ 26ന് ഗലോട്ട് പത്രിക നൽകുമെന്നാണ് സൂചന. ഇതിനിടെ പല സംസ്ഥാന ഘടകങ്ങളും രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കെത്തണമെന്ന പ്രമേയം പാസാക്കുന്നുണ്ട്. രാജസ്ഥാൻ, ഛത്തീസ്ഘട്ട്, യുപി, ജമ്മുകശ്മീർ, മഹാരാഷ്ട്ര പിസിസികൾ രാഹുൽ ഗാന്ധിക്കായി മുറവിളി കൂട്ടുകയാണ്. പിസിസികൾക്ക് പ്രമേയം പാസാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തെരഞ്ഞെടുപ്പ് നടപടികളെ അത് ബാധിക്കില്ലെന്നുമാണ് നേതൃത്വത്തിൻറെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *