ബംഗളൂരു: പ്രതിശ്രുത വധുവായ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഡോക്ടറെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ വികാഷ് രാജൻ(27) ആണ് കൊല്ലപ്പെട്ടത്. യുവതിയും സുഹൃത്തുക്കളായ സുശീൽ, ഗൗതം, സൂര്യ എന്നിവരും ചേർന്നാണ് കൃത്യം നടത്തിയത്.
പ്രതികളിലൊരാളായ സുഷീലിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ക്രൂരമായി മർദനമേറ്റ വികാഷിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും സെപ്റ്റംബർ 14ന് മരിച്ചു. സെപ്റ്റംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വികാഷും യുവതിയും രണ്ട് വർഷമായി സൗഹൃദത്തിലായിരുന്നു. തുടർന്നാണ് ബന്ധുക്കൾ ഇവരുടെ വിവാഹത്തിന് അനുമതി നൽകിയത്.
യുക്രൈനിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ വികാഷ് രണ്ട് വർഷം ചെന്നൈയിൽ ജോലി ചെയ്ത ശേഷമാണ് ബെംഗളൂരുവിലേക്ക് വന്നത്. മറ്റൊരു സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചാണ് തന്റെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങൾ പങ്കുവെച്ചത്. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കൾക്ക് ഈ ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ കണ്ട യുവതി വികാഷിനോട് ചോദിച്ചപ്പോൾ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു മറുപടി. സുഹൃത്ത് സുശീലിനോട് ഇക്കാര്യം യുവതി വെളിപ്പെടുത്തുകയും തുടർന്ന് വികാഷിനെ ഒരു പാഠം പഠിപ്പിക്കാൻ ഇവർ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി വികാഷിനെ മർദിക്കുകയായിരുന്നു.