മലപ്പുറം: സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് സ്വർണമാല തട്ടിയെടുത്ത കേസിൽ ചമ്രവട്ടം സ്വദേശി തുമ്പിൽ മുഹമ്മദ് അജ്മൽ (21)യെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് 5.5 പവൻ സ്വർണമാലയാണ് പ്രതി കവർന്നത്. ജൂലൈ 4-നാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്.
പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പറ്റിക്കുകയായിരുന്നു. നഗ്നഫോട്ടോകൾ അയച്ചുകൊടുക്കാൻ നിർബന്ധിച്ച യുവാവ്, പിന്നീട് പെൺകുട്ടിയുടെ പിതാവ് ജ്വല്ലറി വ്യാപാരിയാണെന്ന് അവകാശപ്പെട്ടു. “മാലയുടെ ചിത്രം അയച്ചുതന്നാൽ പുതിയ മോഡലിലുള്ള മാല പണിയിച്ചു നൽകാം” എന്ന വാഗ്ദാനത്തോടെ പെൺകുട്ടിയുടെ മാലയുടെ ഫോട്ടോ കൈക്കലാക്കി. “ഇത് ചെറുതാണ്, വലിയ മാലയാണെങ്കിൽ അതിലും വലിയത് വാങ്ങിച്ചു തരാം” എന്ന് പറഞ്ഞ് പെൺകുട്ടിയെ കൂടുതൽ പറ്റിക്കുകയായിരുന്നു.
അമ്മയുടെ 5.5 പവൻ സ്വർണമാലയുടെ ചിത്രം അയച്ചുകൊടുത്ത പെൺകുട്ടി, “മാല നേരിട്ട് കണ്ടാൽ മോഡൽ മനസ്സിലാകും” എന്ന പ്രതിയുടെ വാക്കുകൾക്ക് വിശ്വസിച്ച് ലൊക്കേഷൻ അയച്ചു നൽകി. വീട്ടിലെത്തിയ അജ്മൽ, ജനലിലൂടെ മാല കൈക്കലാക്കി സ്ഥലം വിട്ടു. പിന്നീട് സ്നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റാക്കി ഒളിവിൽ പോയി.
മാല നഷ്ടപ്പെട്ടതോടെ താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലാക്കിയ പെൺകുട്ടി രക്ഷിതാക്കളോട് കാര്യങ്ങൾ പറയുകയായിരുന്നു. തുടർന്ന് വളാഞ്ചേരി പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.
അറസ്റ്റ് ചെയ്ത അജ്മലിന്റെ മുൻകാല ചരിത്രം പരിശോധിച്ചപ്പോൾ, കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം വഴി കല്പകഞ്ചേരി സ്വദേശിനിയെ വഞ്ചിച്ച കേസിലും പിടിയിലായിരുന്നു. ജയിൽശിക്ഷ അനുഭവിച്ച് ഇറങ്ങിയതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ്.
