കോഴിക്കോട്: വോട്ടര്‍ പട്ടികയുടെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ (എസ്ഐആര്‍) ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന പരിശീലനത്തില്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട സമഗ്ര ചര്‍ച്ചകള്‍ നടന്നു.
എസ്ഐആര്‍ പ്രക്രിയകള്‍ ആരംഭിക്കുന്നതിന് മുമ്പ് കൃത്യമായ തയാറെടുപ്പുകള്‍ ജില്ലയില്‍ ആരംഭിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സമഗ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ ബോധവത്കരണം നല്‍കനമെന്നും ഗ്രാമപഞ്ചായത്ത് തലത്തില്‍ എസ്ഐആര്‍ അവബോധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും പൊതുജനങ്ങള്‍ക്ക് എസ്ഐആറുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കാന്‍ സംവിധാനം ഒരുക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഓരോ വോട്ടറുടെയും വീടുതോറുമുള്ള പരിശോധനയാണ് സമഗ്ര വോട്ടര്‍ പട്ടിക തയാറാക്കുന്നതിലൂടെ സാധ്യമാകുന്നത്. യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുക, അനര്‍ഹരായവരെ ഒഴിവാക്കുക എന്നിവയാണ് പ്രത്യേക തീവ്ര പുതുക്കല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ ചേര്‍ന്ന പരിശീലന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി വിശ്വനാഥന്‍, കെ സി വത്സരാജന്‍, അഡ്വ. എ വി അന്‍വര്‍, വിനോദ് പടനിലം, വകുപ്പുതല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സീനിയര്‍ സൂപ്രണ്ട് വി ദിലീപ് ബോധവത്കരണ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *