സാന്‍ ഫ്രാന്‍സിസ്‌കോ: യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. 2021 ജനുവരിയില്‍ ട്രംപ് അനുകൂലികള്‍ യുഎസ് കാപ്പിറ്റോള്‍ ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്. ആക്രമണത്തിന് ട്വിറ്ററിലൂടെ ട്രംപ് ആഹ്വാനം നല്‍കിയെന്നാരോപിച്ചായിരുന്നു നടപടി. ട്വിറ്റര്‍ യൂസര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കാനുളള നടപടിയെന്ന് മസ്‌ക് അറിയിച്ചു.
മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാന്‍ പല നീക്കങ്ങളും നടക്കുന്നുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് സ്വന്തം അക്കൗണ്ടിലൂടെ ട്രംപിനെ തിരിച്ചെടുക്കണോ എന്ന് ചോദിച്ചുകൊണ്ട് വോട്ടെടുപ്പ് നടത്തിയത്. ഇതില്‍ 51.8 ശതമാനം പേര്‍ ട്രംപിന്റെ തിരിച്ച് വരവിനെ അനുകൂലിക്കുകയും 48.2 ശതമാനം പേര്‍ എതിര്‍ക്കുകയും ചെയ്തു. 1.5 കോടി ജനങ്ങളാണ് വോട്ടെടുപ്പില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. തുടര്‍ന്ന് ട്രംപിനെ തിരികെ കൊണ്ടുവരുന്നതായി മസ്‌ക് പ്രഖ്യാപനം നടത്തുകയായിരുന്നു.
നവംബർ 20, 2022 ട്വിറ്ററില്‍ നിന്ന് പുറത്താകുമ്പോള്‍ ഏകദേശം 8.8 കോടി ഫോളോവേഴ്‌സായിരുന്നു ട്രംപിനുണ്ടായിരുന്നത്. മസ്‌കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് അനുകൂലികള്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ്. 2021 ല്‍ യുഎസിലെ കാപ്പിറ്റോളടക്കം വിവിധ നഗരങ്ങളിലാണ് ട്രംപ് അനുകൂലികള്‍ കലാപങ്ങള്‍ സൃഷ്ടിച്ചത്. 2020 ലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നായിരുന്നു കലാപം നടത്തിയവരുടെ ആവശ്യം. ട്വിറ്ററില്‍ തിരിച്ചെത്താന്‍ ട്രംപ് പല നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. പിന്നീട് ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ സ്വന്തമായൊരു സമൂഹ മാധ്യമം തുടങ്ങിയെങ്കിലും ട്രംപ് പ്രതീക്ഷിച്ച പ്രതികരണം അതിന് ലഭിച്ചിരുന്നില്ല.
