ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ലകലാശാലയില്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ബിരുദ കോഴ്‌സിന്റെ ഒന്നാം വര്‍ഷത്തിലെ നിര്‍ബന്ധിത കോഴ്‌സില്‍ ഐച്ഛിക വിഷയങ്ങള്‍ ഹിന്ദിയും സംസ്‌കൃതവും മാത്രമാക്കി ചുരുക്കിയതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.കഴിഞ്ഞ വര്‍ഷം വരെ പരിസ്ഥിതി ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം തുടങ്ങിയവയായിരുന്നു ഐച്ഛിക വിഷയങ്ങള്‍. എന്നാല്‍ ഈ വര്‍ഷം മുതല്‍ പരിസ്ഥിതി ശാസ്ത്രവും ഇംഗ്ലീഷും ഐച്ഛിക വിഷയങ്ങളില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ഹിന്ദിയോ സംസ്‌കൃതമോ പഠിക്കാതെ ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് സര്‍വകലാശാലയുടെ ഈ പുതിയ നീക്കമെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലും വിദ്യാര്‍ത്ഥികളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനുളള പല നീക്കങ്ങളും സര്‍വകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.സര്‍വകലാശാലയുടെ പുതിയ നീക്കത്തിനെതിരെ എസ്എഫ്‌ഐയും മറ്റ് പല വിദ്യാര്‍ത്ഥി സംഘടനകളും അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ സിലബസില്‍ വരുത്തിയ മാറ്റം പിന്‍വലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *