ആന്ധ്രയിലെ വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്ത് ഉണ്ടായ തീപിടുത്തത്തിൽ 40-ലേറെ മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നാല്‍പ്പതു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല.തീ പടരുന്നത് കണ്ട് ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല
തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിൽ ആദ്യം തീപിടിക്കുകയായിരുന്നു. ഇതിൽനിന്ന് തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ ആനന്ദ് റെഡ്ഡി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ പോലീസും ഫയർഫോഴ്സ് സംഘവും എത്തിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ തീ നിയന്ത്രണവിധേയമാണ്. സംഭവത്തിൽ വിശാഖപട്ടണം പോലീസ് കേസെടുത്ത് അന്വഷണം നടക്കുന്നുണ്ട്.സാമൂഹ്യവിരുദ്ധർ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
