പാലക്കാട്ടെ 153 ാം നമ്പർ ബൂത്തിലെ ഇരട്ട വോട്ട് ലിസ്റ്റുമായി മാത്തൂർ സിപിഎം. വർഷങ്ങളായി മാത്തൂർ പഞ്ചായത്തിൽ താമസിക്കാത്ത, വോട്ടർ പട്ടികയിൽ പേരുളളവരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. ഇരട്ട വോട്ടു ചെയ്യാനെത്തുന്നവരെ തടയുമെന്ന് എൽഡിഎഫ് ബൂത്ത്‌ കമ്മിറ്റി വ്യക്തമാക്കി. 32 ഇരട്ട വോട്ടുകളാണ് ഉളളത്.10 വർഷമായി പൊന്നാനിയിൽ താമസിക്കുന്ന 3 പേർ വരെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒറ്റപ്പാലം, തിരൂർ മണ്ഡലങ്ങളിൽ വോട്ടുളളവരുണ്ട്. 15 വർഷമായി പൊന്നാനിയിൽ താമസിക്കുന്നവരും പട്ടികയിലുണ്ട്. മുമ്പും ഇതിന് സമാനമായ രീതിയിൽ നിയമ വിരുദ്ധമായി ഇരട്ട വോട്ടുകളുണ്ടായിട്ടുണ്ട്. എല്ലാം കോൺഗ്രസ് വോട്ടുകളാണ്. ഇത്തവണ സൂക്ഷ്മമായി പരിശോധിച്ചാണ് ഇരട്ടവോട്ട് പട്ടിക തയ്യാറാക്കിയതെന്നും ലിസ്റ്റിലുളളവരെത്തിയാൽ തടയുമെന്നും സിപിഎം വ്യക്തമാക്കി. അതിനിടെ പിരായിരിയിൽ വോട്ട് ചെയ്യാനെത്തിയ ഒരാളുടേത് ഇരട്ട വോട്ടെന്ന് എൽഡിഎഫ് ആക്ഷേപം ഉയർത്തി. പിരായിരി ജി എൽ പി സ്കൂളിലെത്തിയ വോട്ടറുടെ ഫോട്ടോ എടുക്കുകയും സത്യവാങ്മൂലം എഴുതി വാങ്ങുകയും ചെയ്തു. അതിന് ശേഷമാണ് വോട്ടറെ വോട്ട് ചെയ്യാൻ അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *