തിരുവനന്തപുരം: ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കുത്തേറ്റ് മരിച്ച അലൻ (18) കൊലപാതകക്കേസിലെ മുഖ്യപ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ജഗതി സ്വദേശി ജോബി (20) ആണ് അലനെ കുത്തിയതെന്നാണ് കണ്ടെത്തൽ. ഒളിവിൽ പോയ ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ജോബിക്കെതിരെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ആക്രമണത്തിൽ പങ്കാളികളായ ജോബി ഉൾപ്പെടെയുള്ള അഞ്ചു പ്രതികളാണ് നിലവിൽ ഒളിവിൽ കഴിയുന്നത്. അലനോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയടക്കമുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. പ്രതികൾ നഗരത്തിൽത്തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി ഷാഡോ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.

സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പുറത്തുനിന്നുള്ള ക്രിമിനലുകളെ കൊണ്ടുവന്നത് 16-കാരനായ വിദ്യാർഥിയാണെന്ന് പോലീസ് അറിയിച്ചു. രാജാജി നഗറിലെ കൗമാരക്കാരും സ്കൂൾ വിദ്യാർഥികളും തമ്മിൽ ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് സ്ഥിരമായി തർക്കങ്ങളുണ്ടായിരുന്നു. ഇതിൽപ്പെട്ട 16-കാരൻ തർക്കം പരിഹരിക്കാനെന്ന പേരിൽ വീടിനടുത്തുള്ള സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നു. ഈ കുട്ടിയുടെ ആവശ്യപ്രകാരമാണ് അലൻ തൈക്കാട് എത്തിയത്. ഇവിടെവെച്ചുണ്ടായ സംഘട്ടനത്തിൽ അലനെ ഹെൽമെറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയശേഷം കുത്തുകയായിരുന്നു. വാരിയെല്ലുകൾക്കിടയിലൂടെ ഹൃദയത്തിലേക്കാണ് ആയുധം തറച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *