ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്ന് ലോക്‌സഭ കൂടിയുടന്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിയുകയായിരുന്നു. 39 അംഗ സമിതിയാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തുക.
വെള്ളിയാഴ്ച പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധമുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കോംപ്ലക്‌സിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് മുമ്പ് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനകത്ത് ബി.ജെ.പിയും പ്രതിഷേധിച്ചിരുന്നു.
പിന്നീട് ലോക്‌സഭ സമ്മേളനം തുടങ്ങിയുടന്‍ അമിത് ഷാക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങി. ഇതിനിടെ ജെ.പി.സി അന്വേഷണത്തിനുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയാണെന്ന് ലോക്‌സഭ സ്പീക്കര്‍ അറിയിച്ചു.