സംസ്ഥാനത്ത് അപകടങ്ങൾ ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ അപകടങ്ങൾ കുറക്കുക, ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യത്തോടെ ബഹു.ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ബ്ലാക്ക്‌സ്‌പോട്ടുകളിൽ സംയുക്ത വാഹന പരിശോധന നടത്തിയതിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കോഴിക്കോട് ജില്ലയിൽ വിവിധ ഇടങ്ങളിലായി 750 ഓളം നിയമലംഘനങ്ങൾ കണ്ടെത്തുകയുണ്ടായി. ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുക, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക, അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ സഞ്ചരിക്കുക, വാഹനങ്ങളിൽ അനധികൃത രൂപ മാറ്റം വരുത്തുക, എയർ ഹോൺ ഉപയോഗിക്കുക, അമിത ഭാരം കയറ്റുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, സമയക്രമം പാലിക്കാതെയും അപകടകരമായുമുള്ള ബസ്സുകളുടെ മത്സരയോട്ടം, മദ്യപിച്ച് വാഹനം ഓടിക്കൽ മുതലായവയാണ്‌ പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങൾ. കൂടാതെ അന്യ സംസ്ഥാന വാഹനങ്ങളിൽ നിയമാനുസൃത രേഖകൾ ഇല്ലാതെയും സംസ്ഥാന നികുതി അടക്കാത്തതുമായ നിരവധി വാഹനങ്ങൾ കണ്ടെത്തുകയുണ്ടായി. സ്പീഡ് ഗവർണർ അഴിച്ചിട്ടതും ജി.പി.എസ് പ്രവർത്തിപ്പിക്കാത്തതും ഫിറ്റ്നസ് ഇല്ലാത്തതുമായ വാഹനങ്ങൾക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിനു മൂന്ന് ദിവസം കൊണ്ട് ഇരുപത് ലക്ഷം രൂപയോളം പിഴ ഈടാക്കുകയും ഗുരുതരമായ നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയുകയും നിയമാനുസൃത വാഹനം ഓടിക്കുന്നതിൽ കൂടുതൽ പ്രായോഗിക പരിശീലനം നേടുന്നതിനായി എടപ്പാളിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഐ.ഡി.ടി.ആർ എന്ന സ്ഥാപനത്തിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ വിപുലീകരിച്ച് നടത്തുന്നതാണെന്നും പിടികൂടുന്ന നിയമ ലംഘനങ്ങൾക്കെതിരെ കർശനനടപടികൾ സ്വീകരിക്കുന്നതാണെന്നും കോഴിക്കോട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ശ്രീ നസീർ പി എ , റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) ശ്രീ. സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *