ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെൻററിയുടെ ലിങ്ക് നീക്കം ചെയ്യാൻ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിർദേശം. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെൻററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. പൗരാവാകാശ പ്രവർത്തകർ അടക്കം ഡോക്യുമെൻററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ബിബിസി ഡോക്യുമെൻ്ററിക്ക് എതിരെ പ്രതിഷേധവുമായി മുൻ ജഡ്ജിമാരും ഐഎഎസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. കൊളോണിയൽ മനോനിലയിൽ നിന്നും പിറവി എടുത്തതാണ് ഡോക്യുമെൻററിയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്ന് റോ മുൻ മേധാവി അടക്കമുള്ളവർ ഒപ്പിട്ട പ്രസ്താവനയിലുണ്ട്.

ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ പ്രമുഖരും ഇതിനോടകം സർക്കാരിനെയും ബിബിസിയെയും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുകെ പാർലമെൻറ് അംഗവും വ്യവസായിയുമായ ലോർഡ് റാമി റേഞ്ചറാണ് ബിബിസി ഡയറക്ടർ ജനറൽ ടിം ഡെയ്വിന് കത്തയച്ചത്. ജി 20യുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ബ്രിട്ടനും നിർണായ ചർച്ചകൾക്ക് തുടക്കമിടാനിരിക്കെ പുറത്തുവന്ന ഡോക്യുമെൻററി വ്യാപാര ബന്ധങ്ങളെയടക്കം ബാധിക്കുമെന്ന് കത്തിൽ ആരോപിക്കുന്നു. അതേസമയം ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച യുകെയിൽ സംപ്രേഷണം ചെയ്യും. അധികാരം നിലനി‌ർത്താൻ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പടുക്കവേ ബിബിസി ഡോക്യമെൻററി ആഗോള തലത്തിൽ തന്നെ മോദി സർക്കാരിൻറെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Your email address will not be published. Required fields are marked *