വളര്‍ത്തുമകള്‍ക്കെതിരെ പരാതിയുമായി നടി ഷക്കീല. വളത്തുമകളായ ശീതള്‍ തന്നെ മര്‍ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. തര്‍ക്കത്തില്‍ ഇടപെട്ട ഷക്കീലയുടെ അഭിഭാഷകയേയും ശീതള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയും ശീതളിനെതിരെ ചെന്നൈ കോയമ്പേട് പൊലീസില്‍ പരാതി സമര്‍പ്പിച്ചു. ചെന്നൈയിലെ യുണൈറ്റഡ് ഇന്ത്യ കോളനിയില്‍ താമസിക്കുന്ന ഷക്കീല, സഹോദര പുത്രിയായ ശീതളിനെ വളരെ ചെറിയ പ്രായം മുതല്‍ ദത്തെടുത്ത് വളര്‍ത്തുകയാണ്.

ഷക്കീലയെ മര്‍ദിച്ച ശേഷം ശീതള്‍ വീടുവിട്ടിറങ്ങിയെന്നും കോടമ്പാക്കത്തുള്ള തന്റെ ബന്ധുക്കളുടെ വീട്ടിലേക്ക് പോയെന്നുമാണ് വിവരം. ശീതളും മാതാവും സഹോദരിയും തന്നെ മര്‍ദിച്ചതായാണ് ഷക്കീലയുടെ പരാതി. കുടുംബ പ്രശ്നവും സാമ്പത്തിക തര്‍ക്കവുമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തനിക്ക് മര്‍ദനമേറ്റ വിവരം ഷക്കീല തന്റെ സുഹൃത്തായ നര്‍മദയെ വിളിച്ചറിയിക്കുകയും തുടര്‍ന്ന് നര്‍മദ അഭിഭാഷകയായ സൗന്ദര്യയോടൊപ്പം സംഭവസ്ഥലത്തെത്തുകയുമായിരുന്നു. ഇവിടെ വച്ച് സൗന്ദര്യയും ആക്രമിക്കപ്പെട്ടു. പരുക്കേറ്റ അഭിഭാഷക ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. അതേസമയം ഷക്കീല തങ്ങളെയാണ് ആക്രമിച്ചതെന്ന് ശീതളിന്റെ ബന്ധുക്കള്‍ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *