ഇന്നലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഇന്ത്യന്‍ താരങ്ങള്‍ പിഴയായി അടയ്‌ക്കേണ്ടത്. നിശ്ചിത സമയത്ത് ഒരു ഓവര്‍ പിറകിലായിരുന്നു ഇന്ത്യ. ഐസിസി മാച്ച് റഫറിമാരുടെ സമിതിയിലെ ഡേവിഡ് ബൂണ്‍ ആണ് പിഴ ചുമത്തിയത്.
”ഐസിസി പെരുമാറ്റചട്ടങ്ങളിലെ 2.22 ആര്‍ട്ടിക്കിളില്‍ കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴയെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്താമെന്ന് വ്യക്തമാക്കുന്നുണ്ട്” ഐസിസി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
”ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വീഴ്ച സമ്മതിക്കുകയും നിര്‍ദേശിക്കപ്പെട്ട പിഴ അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് പ്രത്യേകം വാദം കേള്‍ക്കേണ്ട കാര്യമില്ല. മത്സരം നിയന്ത്രിച്ച ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരായ റോഡ് ടക്കറും സാം നൊഗാസ്‌കിയും ടിവി അമ്പയറായ പോള്‍ റഫേലും നാലാം അമ്പയറായ ജെറാഡ് അബൂദും പിഴവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്” പ്രസ്താവനയില്‍ പറയുന്നു.
സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനം നിശ്ചയിച്ചതില്‍ നിന്നും ഒരു മണിക്കൂറോളം വൈകിയാണ് അവസാനിച്ചത്. രാത്രി 10.15ന് മത്സരം അവസാനിക്കുന്ന വിധത്തിലായിരുന്നു മത്സര സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മത്സരത്തിലെ അവസാന പന്തെറിഞ്ഞ് കഴിഞ്ഞപ്പോള്‍ 11.10 ആയിരുന്നു. എട്ടരമണിക്കൂറോളം സമയമെടുത്ത് മത്സരം അവസാനിക്കാന്‍.
അതേസമയം, ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനിടെ പ്രതിഷേധക്കാര്‍ പിച്ചിലേക്ക് എത്തിയതിനെ തുടര്‍ന്ന് കുറച്ചുനേരത്തേക്ക് മത്സരം തടസപ്പെട്ടിരുന്നു. എന്നാല്‍ അഞ്ചു മിനിറ്റോളം മാത്രമായിരുന്നു ഇത്. താന്‍ കളിച്ചിട്ടുള്ള ഏറ്റവും ദീര്‍ഘമേറിയ 50 ഓവര്‍ മത്സമെന്നാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്.