ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 21 കോടി രൂപ ചെലവിൽ നിർമിച്ച ജലസംഭരണി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ തകർന്നു വീണു. 33 ഗ്രാമങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ‘ഗേപാഗ്ലാ ഗ്രൂപ്പ് വാട്ടർ സപ്ലൈ സ്‌കീം’ പദ്ധതിക്കാണ് ഇതോടെ വലിയ തിരിച്ചടി നേരിട്ടത്.
മണ്ഡ്വി താലൂക്കിലെ തഡ്കേശ്വർ ഗ്രാമത്തിൽ നിർമിച്ച 15 മീറ്റർ ഉയരവും 11 ലക്ഷം ലിറ്റർ ശേഷിയുമുള്ള ജലസംഭരണിയാണ് ജനുവരി 19-ന് പരീക്ഷണ പ്രവർത്തനത്തിനിടെ തകർന്നത്. ഉച്ചയോടെ ഏകദേശം 9 ലക്ഷം ലിറ്റർ വെള്ളം ടാങ്കിൽ നിറച്ചപ്പോൾ അപ്രതീക്ഷിതമായി മുഴുവൻ ഘടനയും തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ടാങ്ക് ഇതുവരെ ഉദ്ഘാടനം ചെയ്തിരുന്നില്ലെന്നും വീടുകളിലേക്കുള്ള ജലവിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചിരുന്നില്ലെന്നും ആയതിനാൽ വലിയ ദുരന്തം ഒഴിവായി.
പൊതുപണമായി ചെലവഴിച്ച വൻ തുകയ്ക്ക് താഴ്ന്ന നിലവാരത്തിലുള്ള നിർമാണ സാമഗ്രികൾ ഉപയോഗിച്ചുവെന്ന ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. തകർന്ന അവശിഷ്ടങ്ങളിൽ നിന്ന് സിമന്റ് പാളികൾ പൊഴിഞ്ഞുകിടക്കുന്നത് സംശയം ശക്തമാക്കുന്നു.സംഭവത്തിൽ അന്വേഷണം നടത്താൻ SVNITയിലെ ഘടനാ എൻജിനീയർമാരുടെ സംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കരാറുകാർതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ജലവിതരണ വകുപ്പ് പറയുന്നത്.
