കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. സഹോദരിയുടെ മരണത്തെത്തുടർന്ന് ജയിൽ സൂപ്രണ്ട് നൽകിയ അടിയന്തര പരോളിന് പിന്നാലെയാണ് സർക്കാർ പരോളും ലഭിച്ചിരിക്കുന്നത്.
നാലാം ക്ലാസുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് പീഡിപ്പിച്ച കേസിൽ കഴിഞ്ഞ നവംബർ 15-നാണ് തലശ്ശേരി അതിവേഗ പോക്സോ കോടതി പത്മരാജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ബലാത്സംഗക്കേസുകളിൽ സാധാരണഗതിയിൽ ദീർഘകാല പരോൾ അനുവദിക്കാറില്ല. ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവും 40 വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.
2020 ജനുവരി-ഫെബ്രുവരി കാലയളവിൽ പത്തുവയസ്സുകാരിയെ മൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. അന്വേഷണത്തിനിടെ അഞ്ചു തവണ സംഘത്തെ മാറ്റിയതും, ആദ്യ ഘട്ടത്തിൽ പോക്സോ വകുപ്പുകൾ ഒഴിവാക്കിയതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
