മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ തയ്യാറാക്കിയ ടൗൺഷിപ്പിലെ ആദ്യ ഘട്ടത്തിലെ വീടുകൾ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ആദ്യ ഘട്ടത്തിൽ നൽകുന്ന 178 വീടുകൾക്കായുള്ള നറുക്കെടുപ്പാണ് നടന്നത്. എല്ലാം നഷ്ടപ്പെട്ടിടത്തുനിന്ന് സ്വപ്നം സാക്ഷാത്കരിച്ചു നൽകിയ സർക്കാരിനോടുള്ള നന്ദിയും സ്നേഹവും അവരുടെ കണ്ണുകളിൽനിന്ന് പ്രകടമായിരുന്നു. ദുരന്തരാത്രി മുതൽ ഇന്നുവരെ അവരെ ചേർത്ത് നിർത്തിയ സർക്കാരിനെ അഭിന്ദിച്ചിരിക്കുകയാണ് എഴുത്തുകാരി കെ ആർ മീര.

ചൂരൽമലയിലെ നറുക്കെടുക്കുന്ന വീട്ടമ്മയുടെ ആനന്ദക്കണ്ണീർ കണ്ടു. ഈ തെരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ ദശാസന്ധിയിലും
ആർക്കൊപ്പം നിൽക്കണമെന്നതിൽ എനിക്ക് തെല്ലും സംശയമില്ലെന്നാണ് കെ ആർ മീര വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം എന്നത് ലോകം നേരിടാൻ പോകുന്ന വലിയ പ്രശ്നമാണെന്നത് കേരള മുഖ്യമന്ത്രിയല്ലാതെ മറ്റാരും പറഞ്ഞുകേട്ടില്ല, ആശയങ്ങളെ പുതുക്കിക്കൊണ്ടിരിക്കുക എന്നത് പ്രധാനമാണെന്നും കേരള പഠന കോൺഗ്രസ് വേദിയിൽ കെ ആർ മീര പറഞ്ഞു.

ആശയങ്ങൾ നിരന്തരം പുതുക്കുകയും കണ്ടെത്തുകയും നിലവിലുള്ളവയെ പരിഷ്കരിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യത്തിന്റെ കാതലായ വശം. ഒരു എഴുത്തുകാരി എന്ന നിലയിലും പൗരൻ എന്ന നിലയിലും ആരുടെ പക്ഷത്ത് നിൽക്കണം എന്ന തീരുമാനമെടുക്കാൻ താൻ ഗാന്ധിജിയുടെ ഉപദേശമാണ് സ്വീകരിക്കുന്നതെന്ന് കെ ആർ മീര വ്യക്തമാക്കി. ഏതെങ്കിലും പ്രതിസന്ധിയിൽ തീരുമാനമെടുക്കാൻ പ്രയാസം തോന്നുമ്പോൾ, താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സഹായം ആവശ്യമുള്ള വ്യക്തിയുടെ മുഖം ഓർക്കണമെന്ന ഗാന്ധിജിയുടെ വാക്കുകളും കെ ആർ മീര ഓർമ്മിപ്പിച്ചു.

ആർക്കാണോ അത്തരക്കാരുടെ ജീവിതത്തിൽ സന്തോഷം ചൊരിയാൻ കഴിയുന്നത് അവരോടൊപ്പമാണ് താൻ നിൽക്കുകയെന്നും, ചൂരൽമലയിലെ ദുരിതബാധിതർക്കൊപ്പം നിൽക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തോട് താൻ ഐക്യപ്പെടുന്നുവെന്നും മീര പറഞ്ഞു. ജാതി, മതം, വർഗ്ഗം എന്നിങ്ങനെ വേർതിരിഞ്ഞ് നിൽക്കാതെ, ഒരൊറ്റ യൂണിറ്റായി നിന്നാൽ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ എന്നും കെ ആർ മീര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *