തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് വലിയ പോരായ്മകള്‍ സംഭവിച്ചുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ. സുധാകരന്‍. കോവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ചലരായെന്നും കെ. സുധാകരന്‍ പറഞ്ഞു. ഇരിക്കൂറില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എനിക്കും എന്റെ മക്കള്‍ക്കും കുടുംബത്തിനും ആര്, അസുഖം വന്നാല്‍ ആര് സഹായിക്കും, അവരാണ് എന്റെ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന സമൂഹത്തിന് മുന്നിലാണ് നാം ജീവിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ അവരെ ശ്രദ്ധിക്കുന്നു, സംരക്ഷിക്കുന്നു എന്ന് വരുത്താനുള്ള പ്രവര്‍ത്തന ശൈലികൂടി അനിവാര്യമാണ്. അതിനാല്‍ ജനങ്ങളിലേക്ക് ഇറങ്ങണം.
ജനങ്ങളിലേക്ക് പലതും എത്തിക്കാന്‍ സാധിക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിന്റെ പോരായ്മകള്‍ ജനങ്ങളിലേക്ക് എത്തിക്കാനായില്ല. 40 ശതമാനത്തോളം പേര്‍ മാത്രമാണ് മാധ്യമങ്ങളിലൂടെ സ്വര്‍ണക്കടത്തും മറ്റും അറിയുന്നത്. ബാക്കിയുള്ളവരിലേക്ക് നാം എത്തിക്കണം. കോവിഡ് കാരണം തദ്ദേശ തെരഞ്ഞെടുപ്പില്‍ നമുക്കതിന് സാധിച്ചില്ല. എന്നാല്‍ സിപിഎം തന്ത്രപരമായി അതിന് പരിഹാരം കണ്ടെത്തി. വളന്റിയര്‍മാരെ രൂപീകരിച്ച് അവരിലൂടെ കിറ്റും മരുന്നും പെന്‍ഷനും വിതരണം ചെയ്തു. നന്നായി ആസൂത്രണം ചെയ്ത പ്രവര്‍ത്തനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ചലരായി. ജനങ്ങളില്‍ നിന്ന് അകന്നുപോയി. ഡിവൈഎഫ്ഐയുടെ കുട്ടികള്‍ക്ക് മാത്രമാണ് വളന്റിയര്‍ കാര്‍ഡ് നല്‍കിയത്. അവരുടെ കുട്ടികള്‍ വീടുകളില്‍ ചാടിക്കയറി അവരുമയൊക്കെ സംസാരിച്ചു.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറങ്കിലേക്ക് പോകുമെന്ന കാര്യം ഞാന്‍ ഉറപ്പ് പറയുന്നു. ഒരു സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരന്റെ റോളില്‍ ഭരണം നടത്തിയ ആദ്യത്തെ ആളാണ് പിണറായി വിജയന്‍. ഉളുപ്പില്ലായ്മയുടെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
