പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ്
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ കൂടി മാർച്ച് 23, 24 തീയതികളിൽ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്റ് മാർച്ച് 25 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

വാക് ഇൻ ഇന്റർവ്യൂ
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിലേക്ക് കെയർ ടേക്കർ തസ്തികയിൽ യോഗ്യരായ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് -ഇൻ-ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടു/പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപയാണ് വേതനം. അപേക്ഷകർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഏപ്രിൽ അഞ്ചിന് രാവിലെ 11 ന് കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റെർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 0471 -2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

കെയർ ഹോം ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ ദാനവും നാളെ

  • കൈമാറുന്നത് 10 വീടുകളുടെ താക്കോൽ
  • ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ. വാസവൻ
    സഹകരണ വകുപ്പിന്റെ ഒന്നാം ഘട്ട കെയർ ഹോം പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് കൈമാറാനുള്ള വീടുകളുടെ താക്കോൽ ദാനം ഇന്ന് (22.03.2022 ചൊവ്വാഴ്ച). ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലെ കർമസദൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു 12.30ന് നടക്കുന്ന ചടങ്ങിൽ കെയർ ഹോം ഒന്നാം ഘട്ട പൂർത്തീരണ പ്രഖ്യാപനവും താക്കോൽ ദാനവും സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഫിഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. പുന്നമട കായൽ പ്രദേശത്ത് കെയർ ഹോം പദ്ധതി നടപ്പിലാക്കിയ സഹകരണ സംഘത്തെ കാർഷിക മന്ത്രി പി. പ്രസാദ് ആദരിക്കും.
    ആലപ്പുഴ ജില്ലയിൽ 201 വീടുകൾ നിർമിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 190 വീടുകളുടെ നിർമാണം നേരത്തേ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നു. ശേഷിച്ച 11 വീടുകളിൽ 10 എണ്ണത്തിന്റെ താക്കോൽദാനമാണ് ഇന്നു നടക്കുന്നത്. ഒരു വീടിന്റെ ഫിനിഷിങ് ജോലികൾ പൂർത്തിയാക്കാനുണ്ട്. ഈ വീട് അനുവദിച്ചു കിട്ടിയ ഗുണഭോക്താവ് മരണപ്പെട്ടതിനെ തുടർന്നുണ്ടായ സാങ്കേതിക തടസങ്ങളാണ് ഫിനിഷിങ് പണികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്.
    ദുഷ്‌കരമായ കായൽ പ്രദേശത്താണ് 11 വീടുകളും നിർമിച്ചത്. നിർമാണ ജോലികൾ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. നിർമാണ സാമഗ്രികൾ ലോറിയിലെത്തിച്ച് നെഹ്‌റു ട്രോഫി വള്ളം കളി സ്റ്റാർട്ടിങ് പോയിന്റിനു സമീപം ഇറക്കി, വള്ളത്തിൽ കയറ്റി വള്ളം അടുപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ ഇറക്കിയ ശേഷം ട്രോളിയിലും തലച്ചുമടായും നിർമ്മാണ സ്ഥലത്ത് എത്തിക്കുകയായിരുന്നു. വേനൽക്കാലത്തു പോലും വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളാണിത്. ചെറിയ മഴയത്ത് പോലും ചെളിയും വെള്ളവും നിറയുന്ന പ്രദേശത്ത് ജോലിക്കാരെ എത്തിക്കുന്നതിനും പ്രയാസം നേരിട്ടു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
    കേപ്പ് (സിഎപിഇ) നിയന്ത്രിക്കുന്ന പുന്നപ്ര എൻജിനിയറിങ് കോളജാണ് വീടുകളുടെ രൂപകൽപ്പന നടത്തിയത്. പ്രളയത്തെ ചെറുക്കുന്ന തരത്തിൽ പില്ലറുകൾ ഉയർത്തിയാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും വീടൊന്നിന് അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ നിർമാണ പ്രദേശത്തിന്റെ പ്രത്യേകതയും ഭൂപ്രകൃതിയും വിലയിരുത്തി 11 വീടുകളുടെ നിർമാണത്തിന് അധിക ധനസഹായമായി 37,41,783 രൂപ അനുവദിച്ചിരുന്നു. എസ്എൽ പുരം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ.
    ഉദ്ഘാടന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. മെഡിക്കൽ കിറ്റ് വിതരണം ചെയ്യും. കെയർ ഗ്രേയ്‌സ് ഗൃഹോപകരണങ്ങളുടെ വിതരണം എ.എം ആരിഫ് എംപി നിർവഹിക്കും. എച്ച്. സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ ഡോ. രേണുരാജ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്‌സൻ സൗമ്യ രാജ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ, കൗൺസിലർമാരായ കെ.ജയമ്മ, അഡ്വ. റീഗോ രാജു, എസ്എൽ പുരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ചേർത്തല സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ എ.എസ്. സാബു, അമ്പലപ്പുഴ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ വി. ഗോപാലകൃഷ്ണൻ നായർ, കേപ്പ് പുന്നപ്ര എഞ്ചിനീയറിങ് കോളെജ് പ്രിൻസിപ്പാൾ ഡോ. റോബിൻ വർഗീസ്, ആലപ്പുഴ സഹകരണ ഓഡിറ്റ് ജോയിന്റെ ഡയറക്ടർ എൻ. ശ്രീവത്സൻ, കെയർ ഹോം ജില്ലാ നോഡൽ ഓഫീസറും ഡെപ്യൂട്ടി രജിസ്ട്രാറുമായ സായി വെങ്കിടേഷ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും എസ്. ജോസി കൃതജ്ഞതയും പറയും.

Leave a Reply

Your email address will not be published. Required fields are marked *