നാഗർകോവിൽ: ലൈംഗികാതിക്രമ കേസിൽ പ്രതിയായ യുവ വൈദികനെ പിടികൂടിയത് ഫാം ഹൗസിൽ ഒളിവിൽ കഴിയുന്നതിനിടെയെന്നു സൂചന. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് വൈദികനായ കന്യാകുമാരി കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആൻ്റോ (29) പിടിയിലായത്. നാഗർകോവിലിലെ ഫാം ഹൗസ് പരിസരത്തുനിന്നു തിങ്കളാഴ്ച രാവിലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്നു പ്രതി ഒളിവിൽ പോകുകയായിരുന്നു.

ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായ യുവതിയാണ് യുവ വൈദികനെതിരെ പോലീസിനെ സമീപിച്ചത്. തക്കലയ്ക്കടത്തുള്ള പ്ലാങ്കാലയിലെ ഔവർ ലേഡി ഓഫ് അസംപ്ഷൻ മലങ്കര പള്ളി വികാരിയായിരുന്ന ബെനഡിക്ട് ആൻ്റോ ഓൺലൈനിലൂടെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പള്ളിയിൽ പോകുമ്പോൾ ഇയാൾ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചിരുന്നുവെന്നും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്നും സ്വകാര്യഭാഗങ്ങളുടെ ഫോട്ടോയെടുത്തു വാട്സാപ്പിൽ അയച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

പാച്ചിപ്പാറയിലെ പള്ളിയിലും പിന്നീട് പ്ലാങ്കാലയിലെ പള്ളിയിലും വികാരിയായിരിക്കുമ്പോഴും അതിക്രമം നടന്നുവെന്നാണ് പരാതി. യുവതിയുടെ അമ്മയിൽനിന്നാണ് പ്രതി യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കിയത്. തുടർന്നു, യുവതിയുമായി ബന്ധപ്പെട്ട വൈദികൻ വീഡിയോ കോൾ ചെയ്യാനും വാട്സാപ്പിൽ ചാറ്റ് ചെയ്യാനും യുവതിക്കുമേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. വീഡിയോ കോളിലൂടെയും വാട്സാപ്പ് ചാറ്റിലൂടെയും വൈദികൻ ലൈംഗികമായി ചൂഷണം ചെയ്തു തുടങ്ങിയതോടെയാണ് യുവതി പരാതിപ്പെടാൻ തീരുമാനിച്ചത്. ഇതറഞ്ഞ വൈദികനും ഇയാളുടെ അനുയായികളും ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *