കോവിഡിനെതിരായ പോരാട്ടം തുടരുന്നതിനിടെ ബ്ലാക്ക് ഫംഗസ് ബാധ വെല്ലുവിളിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം ലോക്സഭ മണ്ഡലമായ വരാണസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഫംഗസ് ബാധ പടരാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ജാഗ്രത കൈവിടരുതെന്നും മോദി നിര്‍ദേശിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച പ്രധാനമന്ത്രി കോവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും പറഞ്ഞു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ മോദി വികാരാധീനനായി. തുടര്‍ന്ന് മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കുകയും കടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
കോവിഡിനെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്‌തു. എന്നാല്‍ ഇത് അലംഭാവത്തിനുള്ള സമയമല്ല. നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. ‘എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി ആഹ്വാനം ചെയ്തു. കോവിഡിനെതിരായ പോരാട്ടത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിക്കിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപിടിക്കുന്ന ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയെന്ന് കരുതുന്ന വൈറ്റ് ഫംഗസ് ബാധ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.