ദളിത് യുവതി പാചകം ചെയ്യ്ത ഭക്ഷണം നിരസിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍. ഡിസംബറില്‍ ദളിതര്‍ ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുനിതാ ദേവി എന്ന യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 മുതല്‍ സ്‌കൂളിലെ 66 ഓളം വിദ്യാര്‍ത്ഥികള്‍ സുനിത തയ്യാറാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നു.
തുടര്‍ന്ന് ചമ്പാവത്ത് ജില്ലാ ഉദ്യോഗസ്ഥര്‍ ദളിത് പാചകക്കാരിയുടെ നിയമനത്തിലെ നടപടിക്രമങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പിരിച്ചുവിടുകയായിരുന്നു. പിന്നീട് സുനിതാ ദേവിയെ സ്‌കൂളില്‍ തിരിച്ചെടുത്തിരുന്നു. ഇവര്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കില്ലെന്നാണ് എട്ടോളം കുട്ടികള്‍ ഇപ്പോള്‍ പറയുന്നതെന്ന് ചമ്പാവത്ത് ജില്ലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രേം സിംഗ് പറഞ്ഞു.
സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് നരേന്ദര്‍ സിംഗ് ഭണ്ഡാരി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി കൂടികാഴ്ച്ച നടത്തുകയും കുട്ടികള്‍ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.