കൊവിഡിന് പിന്നാലെ ഭീതി പടര്‍ത്തി കുരങ്ങുപനി. ഇതിന്റെ ഫലമായി ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍ പ്രതിരോധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രോഗം ബാധിച്ചവരെ പ്രത്യേക നിരീക്ഷിക്കുകയും കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലും വേണം. സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തി വരികയാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനും ഐസിഎംആറിനും നിര്‍ദ്ദേശം നല്‍കി.

കുരങ്ങ്പനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്ന എന്തെങ്കിലും തരത്തില്‍ രോഗമുളള യാത്രക്കാരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയക്കും. ഇതനുസരിച്ച് ചില യാത്രക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതൊരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും ഇന്ത്യയില്‍ ഇതുവരെ കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അമേരിക്ക, ബ്രിട്ടണ്‍, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് ആദ്യ ആഴ്ചയില്‍ അമേരിക്കയിലാണ് ആദ്യമായി കുരങ്ങു പനി സ്ഥിരീകരിച്ചത്. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഖത്തും ശരീരത്തും ചിക്കന്‍ പോക്സ് പോലുള്ള കുമിളകള്‍, പനി, ശരീരവേദന പ്രധാനരോഗ ലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വേഗത്തില്‍ പടരുമെന്നാണ് കണ്ടെത്തല്‍.

ഈ രോഗം സ്വയം മാറുന്നതാണ്. എന്നാല്‍ രോഗലക്ഷണങ്ങള്‍ രണ്ട് മുതല്‍ നാലാഴ്ച വരെ നീണ്ടുനില്‍ക്കും. ഇത് അതീവ ഗുരുതരമായും ബാധിക്കാം. മരണ സാധ്യത ആറ് ശതമാനത്തില്‍ താഴെയാണെങ്കിലും ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടനകളുടെ മുന്നറിയിപ്പ്. വസൂരി രോഗത്തിന് തുല്യമാണ് കുരങ്ങ് പനിയുടെ ലക്ഷണങ്ങള്‍. എന്നാല്‍ വസൂരിയുടെതിനെക്കാള്‍ തീവ്രത കുറവായിരിക്കുമെന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *