തമിഴ്നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്ക് ഒമിക്രോണ്‍ ബിഎ 4 വകഭേദം സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടാമതാണ് ഈ കൊവിഡ് വകഭേദം സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യവകുപ്പ് മന്ത്രി എം എ സുബ്രഹ്മണ്യന് വാര്‍ത്താക്കുറിപ്പിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ചെങ്കല്‍പേട്ട് ജില്ലയിലെ നാവാലൂര് സ്വദേശിയാണ് രോഗബാധ സ്ഥിരീകരിച്ചയാള്‍.
ഇതിന് മുന്‍പ് ഹൈദരാബാദിലായിരുന്നു ആദ്യത്തെ ഒമിക്രോണ്‍ ബിഎ 4 ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ മേയ് 9ന് ദക്ഷിണാഫ്രിക്കയില്‍നിന്നും എത്തിയതാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.
