മണിപ്പൂർ സംഭവത്തിൽ മാസങ്ങൾ വൈകിയുള്ള പ്രധാന മന്ത്രിയുടെ പ്രതികരണത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രി പി എ മുഹമ്മദ് റിയാസും. ഗുജറാത്തിലും യു.പി.യിലും നടന്നതിന്റെ തുടര്‍ച്ചയാണ് മണിപ്പുരിലും സംഭവിക്കുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ മെയ്തി വിഭാഗത്തില്‍പ്പെട്ട അക്രമികള്‍ നഗ്നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നു മോദിക്ക് മണിപ്പുരില്‍ എന്തു സംഭവിക്കുന്നെന്ന് അറിയാനെന്ന് റിയാസും വിമര്‍ശിച്ചു.ഫേസ്ബുക്കുറിപ്പിലൂടെയാണ് ഇരുവരും വിമർശനം ഉന്നയിച്ചത്
വി.ഡി. സതീശന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
മണിപ്പൂരില്‍നിന്നു വരുന്ന വിവരങ്ങള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ അങ്ങേയറ്റം ഭീതിദമാണ്. നാട്ടില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെങ്കില്‍ അതിനെ ഒരു നിയമ വ്യവസ്ഥയുള്ള രാജ്യമെന്ന് എങ്ങനെ വിളിക്കും? മണിപ്പൂരില്‍ ഉണ്ടായിരിക്കുന്നത് മനുഷ്യരാശിയോടുള്ള കുറ്റകൃത്യമാണ്. അതിക്രൂരമായ സംഭവം നടന്ന് രണ്ടു മാസം പിന്നിട്ടപ്പോഴാണ് ലോകത്തെയാകെ ഞെട്ടിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നത്. അപ്പോഴാണ് ഇന്ത്യയുടെ പ്രധാനമന്ത്രി വിവരം അറിയുന്നതത്രെ. എന്തൊരു ദുരന്തമാണ് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍. നിയമപാലകര്‍ മുതല്‍ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ ക്രൂരതക്ക് ഉത്തരവാദികളാണ്.
ആഴ്ചകളും മാസങ്ങളുമായി മണിപുര്‍ കത്തുമ്പോഴും നോക്കിയിരുന്ന ക്രൂരതയുണ്ടല്ലോ, അത് ഈ രാജ്യം ആദ്യം കാണുകയല്ല. ഗുജറാത്തിലും യു.പിയിലും നടന്നതിന്റെ തുടര്‍ച്ചയാണിത്. ബി.ജെ.പി – സംഘപരിവാര്‍ മനസും പ്രവര്‍ത്തനവും ക്രൂരമായ നിസംഗതയും ഈ രാജ്യത്തോട് ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റുകളുടെ ഏറ്റവും ഒടുവിലെ നടുക്കുന്ന ഉദാഹരണമാകുകയാണ് മണിപുര്‍. ഈ രാജ്യത്തെയും നിയമവാഴ്ചയേയും സംരക്ഷിച്ചേ മതിയാകൂ. രാഷ്ട്രീയവും മതവും ജാതിയും ഒന്നുമല്ല പ്രശ്‌നം. മനുഷ്യരാണെങ്കില്‍ പ്രതികരിക്കണം പോരാടണം പ്രവര്‍ത്തിക്കണം… ഇന്ത്യക്കായി.
റിയാസിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
ഒടുവില്‍, പ്രധാനമന്ത്രിക്ക് വേദനിച്ചിരിക്കുന്നു.
മണിപ്പൂരില്‍ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളില്‍ ഇന്ത്യയിലെ മതനിരപേക്ഷ ജനത വേദനിക്കാന്‍ തുടങ്ങിയിട്ട് നീണ്ട 79 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി അതൊക്കെ അറിഞ്ഞത്. അദ്ദേഹത്തിന് അതറിയാന്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ മെയ്തി വിഭാഗത്തില്‍പ്പെട്ട അക്രമികള്‍ നഗ്നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നു; നീചമായ ആ സംഭവത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം കനത്ത വിമര്‍ശനം ഉയരേണ്ടിവന്നു; ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യക്കു തലകുനിക്കേണ്ട ദുരവസ്ഥ ആവര്‍ത്തിക്കേണ്ടിവന്നു.
ഭരണകക്ഷിയായ ബി.ജെ.പിയുടെ പരിപൂര്‍ണ പിന്തുണയുള്ളവരാണ് മെയ്തികളെന്നത് മോദിജി അറിഞ്ഞോ ആവോ!
താന്‍ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് എന്ന് ഘോഷിച്ചു നടക്കുന്ന മോദിയുടെ മുതലക്കണ്ണീര്‍ ‘ദി ടെലഗ്രാഫ്’ പത്രം ഇന്ന് കൃത്യമായി പകര്‍ത്തിയിട്ടുണ്ട്.
മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞത്, ഇത്തരത്തില്‍ നൂറു കണക്കിനു സംഭവങ്ങള്‍ മണിപ്പൂരില്‍ അരങ്ങേറുന്നുണ്ട് എന്നും അതൊന്നും പുറം ലോകമറിയാതിരിക്കാനാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത് എന്നുമാണ്. സ്ത്രീകള്‍ക്കു നേരേ നടക്കുന്ന ഹീനമായ ലൈംഗികാക്രമണങ്ങള്‍ ഉള്‍പ്പെടെ മണിപ്പൂരില്‍ അരങ്ങേറുന്ന കലാപത്തിന്റെ യഥാര്‍ത്ഥ ചിത്രം ബി.ജെ.പിക്ക് നന്നായി അറിയാം എന്ന് ചുരുക്കം. നിങ്ങള്‍ എത്രയൊക്കെ മൂടിവച്ചാലും സത്യങ്ങള്‍ സത്യങ്ങളായിത്തന്നെ പുറത്തുവരും. ഇന്റര്‍നെറ്റ് വിച്ഛേദിച്ചാലും സോഷ്യല്‍ മീഡിയയില്‍നിന്ന് വീഡിയോ ദൃശ്യങ്ങള്‍ ഇല്ലാതാക്കിയാലും ഇല്ലാതാകുന്നതല്ല ഇന്ത്യന്‍ ജനത അനുഭവിക്കുന്ന വംശീയപീഡനങ്ങള്‍.
ഈ കാലവും കടന്നുപോകും.
ഇന്ത്യ ഇതിനെ പൊരുതിത്തോല്‍പിക്കുക തന്നെ ചെയ്യും.