ബെംഗളൂരു∙ മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ പരോള്‍ പോലും നല്‍കാതെ ആജീവനാന്തം ശിക്ഷിക്കണമെന്നു മണിപ്പുര്‍ സമരനായിക ഇറോം ശര്‍മിള. മണിപ്പുരില്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കില്ലായിരുന്നുവെന്നും ഇറോം ശര്‍മിള പറഞ്ഞു. മനുഷ്യത്വരഹിതമായ നടപടിയെക്കുറിച്ച് ഓര്‍ത്ത് അസ്വസ്ഥതയാണ് അനുഭവപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷക്കാലം ആഹാരം കഴിക്കാതെ സത്യഗ്രഹം നടത്തിയ ഇറോം ശര്‍മിള ഇപ്പോഴത്തെ വിഷയങ്ങളില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തിയിരുന്നില്ല. കലാപം ശമിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അവര്‍ കത്തെഴുതിയിരുന്നു. 2016ല്‍ നിരാഹാരസമരത്തില്‍നിന്നു പിന്മാറിയ ഇറോം ശര്‍മിള പാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വെറും 90 വോട്ട് മാത്രമാണു ലഭിച്ചത്. ഇതോടെ ബ്രിട്ടിഷ് പൗരനായ ഡെസ്മണ്ട് ആന്റണി കുട്ടിഞ്ഞോയെ വിവാഹം കഴിച്ച് ബെംഗളൂരുവിലേക്കു താമസം മാറ്റുകയായിരുന്നു.