ചൈനീസ് ലോണ്‍ തട്ടിപ്പ് ആപ്പുകള്‍ പൂട്ടാന്‍ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 100ലധികം ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് 500 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ 22 പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും നാല് ലക്ഷം രൂപയും പിടികൂടി. കര്‍ണാടക, മഹാരാഷ്ട്ര ,യു പി എന്നിവിടങ്ങളില്‍ നടത്തിയ റെയിഡിന് പിന്നാലെയാണ് ഡല്‍ഹിയിലും പരിശോധന ശക്തമാക്കിയത്.

100 ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയാണ് 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലും ഹോങ്കോങ്ങിലുമുള്ള സെര്‍വറുകളില്‍ അപ്ലോഡ് ചെയ്തതായും പൊലീസ് അറിയിച്ചു. രണ്ട് മാസത്തിലേറെ നീണ്ട വിശകലനത്തിനുശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്‍പ്പെടെ തട്ടിപ്പു ശൃംഖല വ്യാപിച്ചതായി പൊലീസ് അറിയിച്ചു.

ലക്‌നൗവിലെ ഒരു കോള്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ ചെറിയ തുക വായ്പ നല്‍കുന്നതിനായി പരസ്യം നല്‍കി. ഉപയോക്താവ് അപേക്ഷ ഡൗണ്‍ലോഡ് ചെയ്യുകയും ലോണ്‍ ആപ്പിന് അനുമതി നല്‍കുകയും ചെയ്തു കഴിഞ്ഞാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ അക്കൗണ്ടിലേക്ക് ലോണ്‍ തുക ക്രെഡിറ്റ് ചെയ്യും. ഇതിനിടെ ഫോണില്‍നിന്ന് സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തും. തുടര്‍ന്ന് വ്യാജ ഐഡി ഉപയോഗിച്ച് വിവിധ നമ്പറുകളില്‍ നിന്ന് സംഘം ഉപയോക്താക്കളെ വിളിക്കുകയും ആവശ്യപ്പെടുന്നത് ചെയ്തില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.

ലോണ്‍ അടവായും ഭീഷണിപ്പെടുത്തിയും ഉപഭോക്താക്കളില്‍നിന്ന് തട്ടുന്ന പണം ഹവാലയായും ക്രിപ്റ്റോ കറന്‍സിയായുമാണ് ചൈനയിലേക്ക് കടത്തുന്നത്. ക്യാഷ് പോര്‍ട്ട്, റുപേ വേ, ലോണ്‍ ക്യൂബ്, വൗ റുപ്പി, സ്മാര്‍ട്ട് വാലറ്റ്, ജയന്റ് വാലറ്റ്, ഹായ് റുപ്പി, സ്വിഫ്റ്റ് റുപ്പി, വാലറ്റ്വിന്‍, ഫിഷ്‌ക്ലബ്, യെയാ കാഷ്, ഇം ലോണ്‍, ഗ്രോട്രീ, മാജിക് ബാലന്‍സ്, യോകാഷ്, ഫോര്‍ച്യൂണ്‍ ട്രീ, സൂപ്പര്‍കോയിന്‍, റെഡ് മാജിക് തുടങ്ങിയ ആപ്പുകള്‍ വഴിയായിരുന്നു തട്ടിപ്പ്.

ഇവരുടെ പക്കല്‍നിന്ന് 51 മൊബൈല്‍ ഫോണുകള്‍, 25 ഹാര്‍ഡ് ഡിസ്‌കുകള്‍, ഒന്‍പത് ലാപ്ടോപ്പുകള്‍, 19 ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, മൂന്ന് കാര്‍, 4 ലക്ഷം രൂപ എന്നിവ പൊലീസ് കണ്ടെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കെപിഎസ് മല്‍ഹോത്ര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *