ജില്ലയിൽ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന മെഗാ പൂക്കള മത്സരത്തിന്റെ പോസ്റ്റർ മലബാർ പാലസിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തു. ഇത്തവണത്തെ ഓണം വാരാഘോഷം ‘മാവേലിക്കസ് 2025’ പരിപാടികള്‍ പൂക്കള മത്സരത്തോടെയാണ് ആരംഭിക്കുന്നത്. കോപ്പറേഷന്‍ പരിധിയില്‍ നൂറോളം വേദികളാണ് ഓഗസ്റ്റ് 31-ന് സംഘടിപ്പിക്കുന്ന പൂക്കള മത്സരത്തിനായി കണ്ടെത്തിയത്. മത്സരത്തില്‍ ജില്ലാതലത്തില്‍ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാനായി മാവേലിക്കസ് ആപ്പ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. https://play.google.com/store/apps/details?id=com.conferenceprime.mavelicus ലിങ്ക് വഴി ഓഗസ്റ്റ് 25 വരെ രജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്. മാവേലിക്കസ് ആപ്പിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളുടെയും പരിപാടികളുടെയും മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒന്‍പതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്, ലുലു മാള്‍ പാര്‍ക്കിംഗ് സ്ഥലം എന്നിവ പ്രധാനവേദികളാകും.

ചടങ്ങിൽ കെടിഐഎല്‍ ചെയര്‍മാന്‍ എസ്‌ കെ സജീഷ്, വിനോദ സഞ്ചാരവകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, പൂക്കള മത്സരം കമ്മിറ്റി കൺവീനർ ഡോ. എ കെ അബ്ദുൽ ഹക്കീം, കോഡിനേറ്റർ പി സി കവിത, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *